കൊടുങ്ങല്ലൂർ: ആല ഗോതുരുത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുമെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തൃശൂർ ജില്ലയിൽ 1981ൽ നടപ്പിലാക്കിയ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പുകൾ മാറ്റി ഇതിൽ ഉൾപ്പെട്ട പത്ത് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പി.എ.സീതി, ധർമ്മരാജൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
തുടർന്ന് ആല ഗോതുരുത്തിൽ കുടിവെള്ളം എത്തിക്കാൻ ജല അതോറിറ്റിയോട് കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. എന്നാൽ പൈപ്പുകൾ വളരെ പഴക്കമുള്ളതാണെന്ന് ജല അതോറിറ്റി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീനാരായണപുരം പഞ്ചായത്ത് ടാങ്കർ ലോറിയിൽ ഗോതുരുത്തിൽ വെള്ളം എത്തിക്കുമെന്ന് ഉറപ്പ് നൽകിയത്. വിശദമായ വാദങ്ങൾക്കായി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.