ചാലക്കുടി: നഗരസഭയുടെ ഹൃദയത്തിലൂടെ ഒഴുകുന്ന പറയൻതോട്ടിൽ വെള്ളം കുറയുന്നു. പ്രദേശം കുടിവെള്ള ക്ഷാമത്തിലേയ്ക്ക് നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പോട്ടച്ചിറയിൽ നിന്നു തുടങ്ങി കോട്ടാറ്റ് വച്ച് ചാലക്കുടിപ്പുഴയിൽ ചേരുന്ന പറയൻതോട് ആയിരക്കണക്കിന് കുടുംബങ്ങളുടെ ദാഹമകറ്റുന്ന ജലസ്രോതസാണ്. ചെറുതും വലുതുമായ പത്തോളം പാടശേഖരങ്ങളിലൂടെ ഒഴുകുന്ന ഈ തോടാണ് പുരാതന കാലം മുതൽ കർഷകരുടെ ആശ്രയവും. നെൽക്കൃഷിയുടെ അളവ് ഗണ്യമായി കുറഞ്ഞെങ്കിലും പാടശേഖരളുടെ നിലനിൽപ്പും ജനങ്ങളുടെ ആശ്രയവുമാണ് എക്കാലത്തും പറയൻതോടെന്ന ദാഹശമിനി. എന്നാൽ ഇക്കുറി കർഷകർ ആശങ്കയിലാണ്. വി.ആർ.പുരത്തെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനത്തിന് തോട്ടിലെ വെള്ളക്കുറവ് തടസമാകുന്നു. ഇവിടുത്തെ തയണയിൽ നിന്നാണ് വി.ആർ.പുരം 75 ഏക്കർ പ്രദേശത്തേയ്ക്ക് വെള്ളം എത്തുന്നത്. തച്ചുടപറമ്പ് പുഞ്ചപ്പാടത്തും കാരക്കുളത്തുനാട് പാടശേഖരത്തിലും തടയണകൾ പ്രവർത്തിക്കുന്നുണ്ട്. ചാലക്കുടിപ്പുഴയുടെ വലതുകര പദ്ധതിയെ ആശ്രയിക്കുന്ന പോട്ടച്ചിറ ക്ഷയിച്ചതാണ് പറയൻതോടിന്റെയും ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പറയൻതോട്.
ഉത്ഭവം - പോട്ടച്ചിറ പാടശേഖരം
അവസാനം- കോട്ടാറ്റ് വച്ച് ചാലക്കുടിപ്പുഴയിൽ.
നീളം- 4.5 കി.മീറ്റർ.
സഞ്ചാര വഴിയിലെ പാടശേഖരങ്ങൾ-
ചെട്ടായമ്പാടം, കാളഞ്ചിറ, പെരിയച്ചിറ, തച്ചുടറമ്പ് പുഞ്ചപ്പാടം, കാരക്കുളത്തുനാട്, കോരച്ചിറപ്പാടം, കോട്ടാറ്റ് പാടം.