 
എറവ് : എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിന്റെ കുരിശിന്റെ യാത്രയിൽ 14 സ്ഥലങ്ങളിൽ ഇടവകയിലെ യുവജനങ്ങൾ അണിയിച്ചൊരുക്കിയ പീഡാനുഭവങ്ങളുടെ തീവ്രത അനാവരണം ചെയ്യുന്ന ദൃശ്യാവിഷ്‌കാര യാത്ര ശ്രദ്ധേയമായി. ത്യാഗം എന്ന പേരിൽ സഹവികാരി ഫാ. ജിയോ വേലൂക്കാരൻ സംവിധാനം ചെയ്ത ദൃശ്യാവിഷ്‌കാരങ്ങളിൽ കെ.സി.വൈ.എം, സി.എൽ.സി സംഘടനകളിലെ അമ്പതോളം യുവതീ യുവാക്കളാണ് അഭിനയിച്ചത്. കുതിരയും പടയാളികളും കുരിശ് ചുമന്നു നീങ്ങുന്ന യേശുവും പരിശുദ്ധ കന്യകാമറിയവും മഗ്ദലന മറിയവും മറ്റു സ്ത്രീകളും പൗരപ്രമുഖരുമായി ജീവൻ തുടിക്കുന്ന രംഗങ്ങളാണ് ദൃശ്യാവിഷ്‌കാരത്തിലുണ്ടായിരുന്നത്. യേശുവിനെ കുരിശ് മരണത്തിനു വിധിക്കപ്പെടുന്ന രംഗം മുതൽ ഗാഗുൽത്തായിലെ കുരിശേറ്റവും കുരിശിൽ നിന്നിറക്കി കല്ലറയിൽ അടക്കം ചെയ്യുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്. ഇടവകാംഗമായ ലോറൻസ് ചാലിശ്ശേരിയാണ് യേശുവിനെ അവതരിപ്പിച്ചത്. വികാരി ഫാ. റോയ് ജോസഫ് വടക്കൻ പീഡാനുഭവ സന്ദേശം നൽകി.