
തൃശൂർ : ഏപ്രിൽ റംസാൻ, വിഷു, പൂരവുമെല്ലാമായി തൃശൂർ തിരക്കിലമരുമ്പോൾ തിരഞ്ഞെടുപ്പുമായി കൂടെ തിക്കിത്തിരക്കിയെത്തും സ്ഥാനാർത്ഥികളും.
റംസാനും വിഷുവും തൃശൂർ പൂരവും തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിലാകും ആഘോഷങ്ങളെല്ലാം. ആഘോഷങ്ങളുടെ കൊട്ടിക്കലാശമാകും തിരഞ്ഞെടുപ്പും.
മണ്ഡലത്തിലെ പ്രചാരണം എല്ലാവരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കി നടത്താനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. നാലിന് നാമനിർദ്ദേശ പത്രിക സമർപ്പണം കഴിഞ്ഞ് ആറിന് സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ പിന്നെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടമാകും. എല്ലാ കൊല്ലവും പൂരത്തിനിടെ ആന, വെടിക്കെട്ട് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരാറുണ്ട്. അത്തരം വിവാദങ്ങളെല്ലാം ഏറ്റുപിടിച്ചും പരിഹരിച്ചും കളം നിറയാനാകും സ്ഥാനാർത്ഥികൾ ശ്രമിക്കുക. അടുത്തദിവസം പൂരപ്പന്തലിന് കാൽനാട്ടുന്നതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. പൂരം കൊടിയേറ്റം, സാമ്പിൾ, പൂരം, ഉപചാരം ചൊല്ലൽ എന്നിവ കഴിഞ്ഞ് തൃശൂർ ഒന്ന് അയയുമ്പോഴേക്കും കൊട്ടിക്കലാശത്തിൽ തിരഞ്ഞെടുപ്പെത്തും. ഏപ്രിൽ 13 നാണ് പൂരം കൊടിയേറ്റം. പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിൽ അന്നേദിവസം 11.30 നും 11.45 നും ഇടയിലും പാറമേക്കാവിൽ 12 നും 12.15നും ഇടയിലുമാണ് കൊടിയേറ്റം. അന്ന് മറ്റ് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റമുണ്ടാകും.
പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് 17നാണ്. അന്ന് തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് ഏഴ് മുതൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ കരിമരുന്നിന്റെ തേരോട്ടവും കൂടിയാകുമ്പോൾ ആഘോഷം ഉച്ചസ്ഥായിയിലാകും.
പുരുഷാരത്തിന്റെ പൂരം
പൂരം 19 നാണ്. 18ന് രാവിലെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര വാതിൽ തുറക്കുന്നതോടെ തൃശൂരുകാർ പൂരത്തിന് പിന്നാലെയാണ്. 20ന് ഉച്ചയ്ക്ക് പാറമേക്കാവ് തിരുവമ്പാടി വിഭാഗക്കാർ ശ്രീമൂല സ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയും വരെ എല്ലാവരും പൂര ലഹരിയിലാകും.
ഈദുൽ ഫിത്ർ
നിലവിൽ വ്രതാനുഷ്ഠാനം കഴിഞ്ഞ് ഏപ്രിൽ പത്തിന് പെരുന്നാളെന്നാണ് കലണ്ടർ പറയുന്നത്. എന്നാൽ നിലാവ് കാണുന്നതുമായി ബന്ധപ്പെട്ട് മാറ്റങ്ങളുണ്ടാകും. റംസാൻ ഒരുക്കം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.
വിഷു
ഏപ്രിൽ 14നാണ് വിഷു. വരും ദിവസങ്ങളിൽ വിഷു വിപണി ഉയരും. പടക്കം, വസ്ത്ര വിപണി, വിഷുച്ചന്ത എന്നിവയെല്ലാം സജീവമാകുന്നതോടെ നാടും നഗരവും തിരക്കിലമരും. അതുകൊണ്ട് ഇത്തരം ദിനങ്ങളിൽ പൊതുപരിപാടികളും മറ്റും സംഘടിപ്പിച്ചാൽ ആളുകളുടെ എണ്ണം കുറയുമെന്ന ആശങ്കയും മുന്നണികൾക്കുണ്ട്. നഗരത്തിലുണ്ടാകുന്ന ഗതാഗതകുരുക്ക് വരെ സ്ഥാനാർത്ഥികളുടെ പ്രകടനത്തെ ബാധിക്കും.
കൊട്ടിക്കലാശം
ആഘോഷങ്ങളെല്ലാം കൊട്ടിക്കലാശിച്ചാൽ പിന്നെ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം 24നാണ്. അന്നേ ദിനം വൈകീട്ട് നഗരത്തിലുൾപ്പെടെ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന കൊട്ടിക്കലാശവും തിരഞ്ഞെടുപ്പിനെ ആവേശഭരിതമാക്കും.