yesu

തൃശൂർ : യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടന്നു. പള്ളികളിൽ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടന്നു. ലൂർദ്ദ് കത്തീഡ്രൽ, പുത്തൻ പള്ളി, അരണാട്ടുകര സെന്റ് തോമസ് പള്ളി, പാവറട്ടി തീർത്ഥ കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടന്ന നഗരികാണിക്കൽ ചടങ്ങിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. നഗരത്തിൽ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാന്മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് ഉയിർപ്പിന്റെ ആഘോഷമായി ഈസ്റ്റർ ആഘോഷിക്കും. രാവിലെ പ്രത്യേക പ്രാർത്ഥനകൾ നടക്കും.