suresh-gopi

തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതിയിൽ സുരേഷ്‌ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയിൽ ആവശ്യമുള്ള പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ലായെന്ന് കാട്ടി ജനപ്രാതിനിദ്ധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്.

സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജാണ് പരാതി നൽകിയത്. മുഖ്യവരണാധികാരി കൂടിയായ കളക്ടറാണ് വിശദീകരണം തേടിയത്. സുരേഷ്‌ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനവും നൽകി മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കളക്ടർക്ക് എൽ.ഡി.എഫ് നേതൃത്വം പരാതി നൽകിയിരുന്നു.