
കുറ്റിച്ചിറ: ജയിലിൽ വിചാരണ നേരിടുന്ന സദ്ദാം ഹുസൈൻ, കേണൽ പദവി ലഭിച്ച മോഹൻലാൽ, ഒടുവിൽ ഇതാ യേശുദേവന്റെ അവസാനത്തെ അത്താഴവും. ഇതെല്ലാം ചായ്പ്പൻകുഴിയിലെ ലിജു യേശുദാസ് മരത്തടിയിൽ മനോഹരമായി സൃഷ്ടിച്ച രൂപങ്ങളാണ്. മൃഗങ്ങൾ, പക്ഷികൾ, വിശുദ്ധന്മാർ അങ്ങനെ നീളുന്നു അമ്പതുകാരൻ ശിൽപ്പിയുടെ കരവിരുത്.
ചായ്പ്പൻകുഴി പീലാർമുഴിലെ കുന്നിൻപുറത്തെ കൊച്ചു വീടിനരികിൽ കെട്ടിപ്പൊക്കിയ ഏറുമാടത്തിലെ ഏകാന്തതയിലാണ് ഇപ്പോൾ കലാസൃഷ്ടികൾ ഉണ്ടാക്കുന്നത്. ഒല്ലൂർ എടക്കുന്നിയിലെ ആദ്യ വീട്ടിലിരുന്ന് നിർമ്മിച്ചവയാണേറെയും. രണ്ട് വർഷം മുമ്പായിരുന്നു ചായ്പ്പൻകുഴി പീലാർമുഴിയിലെത്തിയത്. മുപ്പത് വർഷമായി തുടരുന്ന മരത്തടിയിലെ കലാവിരുതുകൾക്ക് ജീവൻ തുടിക്കുന്ന ചാരുത. ശിഷ്യന്മാരോടൊപ്പം യേശുക്രിസ്തു അവസാനത്തെ അത്താഴം കഴിക്കുന്ന രംഗം കുമിൾ മരത്തിലാണ് കൊത്തിയത്. രൂപകൽപ്പന ഭൂരിഭാഗവും വിലമതിപ്പുള്ള ഇത്തരം തടിപ്പലകയിലും. യേശുദേവനും സംഘവും ഭക്ഷിക്കുന്ന പാത്രങ്ങളും മേശയുടെ കാലുകളടക്കം എല്ലാ സാമഗ്രികളും വ്യക്തമാക്കുന്ന രംഗം പൂർത്തീകരിക്കാൻ ആറ് മാസമെടുത്തു. ഏഴടി നീളവും 20 ഇഞ്ച് വീതിയുമുള്ള ഇതിന്റെ രണ്ടരയിഞ്ച് കനം വരും. വിപണിയിലെ വില ലക്ഷം രൂപയെങ്കിലുമാകും. ആവശ്യക്കാർക്ക് രൂപം നിർമ്മിച്ചു നൽകും. മോഹൻലാലിന് കേണൽ പദവി ലഭിച്ച വേളയിൽ ധൃതിയിൽ തയ്യാറാക്കിയ ശിൽപ്പം, പക്ഷെ അദ്ദേഹത്തിന് നൽകാനാകാത്തത് എലവുത്തിങ്കൽ ലിജു യേശുദാസിൽ നൊമ്പരമായി ഇപ്പോഴുമുണ്ട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ 50 സെന്റ് പുരയിടത്തിൽ ചെറിയ കോഴിഫാം നടത്തുന്നു. ചില്ലറ പച്ചക്കറി കൃഷിയും ഭാര്യ ലിജിയും അമ്മ റോസി പൗലോസും എല്ലാറ്റിനും സഹായത്തിനുണ്ട്. ക്രിസ്റ്റീൻ, ക്രിസ്റ്റീന എന്നിവർ മക്കളാണ്.
നൂറോളം ശിഷ്യന്മാരുണ്ടായിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും ഈ മേഖലയുടെ ശുക്രദശയിൽ കരിനിഴൽ വീഴ്ത്തി
ലിജു യേശുദാസ്