
തൃശൂർ: ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, സംസ്ഥാന സർക്കാർ വിഹിതം 21.7 കോടി ലഭിച്ചില്ലെങ്കിൽ കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ അദ്ധ്യാപകർക്ക് യു.ജി.സി കുടിശ്ശിക നഷ്ടപ്പെട്ടേക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തുക നൽകാത്തത്.
അദ്ധ്യാപകർക്ക് സംസ്ഥാന സർക്കാർ 2016 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കുടിശ്ശിക നൽകിയതിന്റെ തെളിവ് ഹാജരാക്കിയാലേ തുല്യവിഹിതം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) നൽകൂ. വിഹിതം നൽകിയ സംസ്ഥാനങ്ങളിലെ 28 സർവകലാശാലകൾക്ക് തുല്യവിഹിതം 299.40 കോടി ഐ.സി.എ.ആർ അനുവദിച്ചു. അതിനിടെ കുസാറ്റ് അടക്കമുള്ള മറ്റ് സർവകലാശാലാ അദ്ധ്യാപകരും കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പ്രശ്‌നം സങ്കീർണമാക്കി. എല്ലാവർക്കും കുടിശ്ശിക നൽകണമെങ്കിൽ ആയിരം കോടിയിലധികം വേണം. കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകൾക്ക് കൈയിലുള്ള തുകയാണ് ഐ.സി.എ.ആർ അനുവദിച്ചത്. 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതമായാണ് മൊത്തം കുടിശ്ശിക നൽകേണ്ടത്. മുമ്പ് 80 ശതമാനം കേന്ദ്രവിഹിതവും 20 ശതമാനം സംസ്ഥാന വിഹിതവുമായിരുന്നു. പ്രതിസന്ധി മൂലം വിഹിതം പി.എഫിൽ ലയിപ്പിക്കാൻ സംസ്ഥാനം തീരുമാനിച്ചെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
ധനമന്ത്രിക്ക് നിവേദനം
തുക എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ ഇടത് അദ്ധ്യാപക സംഘടനകൾ സംസ്ഥാന ധനമന്ത്രിക്ക് നിവേദനം നൽകി.
യൂണി. അദ്ധ്യാപകരുടെ
എണ്ണം, കുടിശ്ശിക
(തുക കോടിയിൽ)
കാർഷികം 500.....12.7
ഫിഷറീസ് 54.....1.5
വെറ്ററിനറി 260...... 7.5