
തൃശൂർ : തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച ഏക ദമ്പതികളാണ് ബി.ജെ.പിയിലെ ഇ.രഘുനന്ദനനും ഭാര്യ രമ രഘുനന്ദനനും. 1991 ലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി മുൻ ദേശീയ നിർവാഹക സമിതി അംഗം കൂടിയായ ഇ.രഘു നന്ദനൻ മത്സരിച്ചത്. 38,213 വോട്ട് നേടി. രമ രഘുനന്ദനൻ രണ്ട് തവണ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചു. 1996ൽ ലീഡർ കെ.കരുണാകരൻ തൃശൂരിൽ മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. രമ രഘുനന്ദൻ അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി. അന്ന് സി.പി.ഐയിലെ വി.വി.രാഘവൻ ലീഡറെ മലർത്തിയടിച്ചു, 1480 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. രമ രഘുനന്ദനൻ 41,139 വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. പിന്നീട് 2009 ലും അവർ മത്സരിച്ചു. അന്ന് പി.സി.ചാക്കോയ്ക്കായിരുന്നു വിജയം. സി.എൻ.ജയദേവനെയാണ് പി.സി.ചാക്കോ പരാജയപ്പെടുത്തിയത്. രമ അന്ന് 54,680 വോട്ടുകൾ നേടി. ബി.ജെ.പി ജില്ലാ പ്രസിഡന്റ്, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് , ദേശീയ സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇ.രഘുനന്ദനൻ ഇപ്പോൾ വിശ്രമത്തിലാണ്. രമ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, ദേശീയ സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കുന്നംകുളം അക്കിക്കാവിലാണ് താമസം.