shobhana-ravi-
കാളമുറി ബീച്ച് റോഡ് അശാസ്ത്രീയമായി പുനർനിർമ്മിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ വ്യാപാരികളുമായി കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ചർച്ച ചെയ്യുന്നു.

കയ്പമംഗലം : കാളമുറി ബീച്ച് റോഡ് അശാസ്ത്രീയമായി പുനർനിർമ്മിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങൾക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ. മാസങ്ങളായി തകർന്ന് കിടന്നിരുന്ന റോഡിൽ ടൈൽ വിരിച്ച് വശങ്ങളിൽ കോൺഗ്രീറ്റിംഗ് പൂർത്തിയായതോടെ റോഡും റോഡരികും തമ്മിലുള്ള അന്തരം ഏതാണ്ട് അര അടിയിലേറെയാവുകയായിരുന്നു. റോഡിലേക്കോ റോഡിൽ നിന്നും അരികിലേക്കോ ഒരു വാഹനത്തിനും ഇറങ്ങാനോ കയറാനോ കഴിയാത്ത വിധത്തിലുള്ള അവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നാട്ടുകാരും വ്യാപാരികളും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രദേശവാസികൾ ദൈനംദിനം ആശ്രയിക്കുന്ന ബാങ്ക്, സപ്ലൈകൊ ഔട്ട്‌ലെറ്റ്, മെഡിക്കൽ ക്ലിനിക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടേയ്ക്ക് വാഹനത്തിൽ എത്താൻപോലും കഴിയാത്ത അവസ്ഥയാണ്. വെള്ളം ഒഴിഞ്ഞു പോകുന്നതിനാവശ്യമായ സൗകര്യവും ഉണ്ടാക്കിയിട്ടില്ല.
പ്രതിഷേധത്തെത്തുടർന്ന് റോഡിന്റെ അളവെടുപ്പ് നിറുത്തി വയ്‌ക്കേണ്ടി വന്നതിനാൽ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും നാട്ടുകാർ വസ്തുതകൾ നേരിൽ ബോദ്ധ്യപ്പെടുത്തി. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിൽ പ്രതിഷേധം വ്യാപകമായതോടെ പഞ്ചായത്ത് അധികൃതർ പ്രശ്‌ന പരിഹാരത്തിന് രംഗത്തെത്തി. വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിൽ ഇത് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കുമെന്ന് പ്രസിഡന്റ് ശോഭന രവി ഉറപ്പ് നൽകി.

ഒരാഴ്ചയ്ക്കകം റോഡിൽ നിന്നും തറനിരപ്പിലേക്ക് ചരിവ് നൽകും. വെള്ളം ഒഴിഞ്ഞു പോകാൻ വഴിയൊരുക്കി പ്രശ്‌നം പരിഹരിക്കും. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പൂർണമായി പരിഹാരം കാണും.
- ശോഭന രവി
(പഞ്ചായത്ത് പ്രസിഡന്റ്)