veloor
തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം സ്വപ്ന രാമചന്ദ്രൻ കുത്തിയിരിപ്പ് സമരം നടത്തുന്നു.

കുന്നംകുളം: രണ്ടുമാസം മുമ്പ് തകരാറിലായ തെരുവ് വിളക്ക് അറ്റകുറ്റ പണികൾ ചെയ്യാത്തിൽ പ്രതിഷേധിച്ച് വേലൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ സ്വപ്ന രാമചന്ദ്രൻ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഫെബ്രുവരി 8 ന് ആണ് വാർഡിൽ അവസാനമായി ലൈറ്റുകൾ അറ്റകുറ്റ പണികൾ ചെയ്തത്. പിറ്റേദിവസം തന്നെ കത്താത്ത ലൈറ്റുകളുടെ നമ്പറുകൾ പഞ്ചായത്തിൽ അറിയിച്ചിരുന്നു. നിരന്തരം ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ യാതൊരുവിധ നടപടിയും എടുക്കാത്തിനാലാണ് സമരം ചെയ്യേണ്ടി വന്നതെന്ന് മെമ്പർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഈ ഭാഗത്ത് ഇഴജന്തുക്കളെ കാണുകയും തെരുവ് നായ ആക്രമണവും ഉണ്ടായിരുന്നു. ഇനിയും അധികാരികൾ കണ്ണ് തുറക്കാതിരുന്നാൽ ജനങ്ങളുടെ ജീവന് ഭീഷണിയാവും എന്നതിനാലാണ് സമരം നടത്തേണ്ടി വന്നതെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. വാർഡിൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉറപ്പിനെ തുടർന്ന് പഞ്ചായത്തംഗം സ്വപ്ന രാമചന്ദ്രൻ പ്രതിഷേധം അവസാനിപ്പിച്ചു.