alagapa-textiles

ആമ്പല്ലൂർ : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വയലാറും അന്തിക്കാടും പോലെയായിരുന്നു ആമ്പല്ലൂർ. ഗ്രാറ്റ്വിവിറ്റി നിയമത്തിന്റെ ഉപജ്ഞാതാവ് പി.എസ്.നമ്പൂതിരിയുടെ കർമ്മമണ്ഡലം. ലീഡർ കെ.കരുണാകരന് തട്ടിൽ എസ്‌റ്റേറ്റിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്കിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത കാലത്ത് താമസമൊരുക്കിയ ആമ്പല്ലൂർ.

എല്ലാം അളഗപ്പ ടെക്‌സ്റ്റൈൽസിന്റെ തണലിലായിരുന്നു. തൊഴിലാളികൾ ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്നത് കാത്ത് സ്ഥാനാർത്ഥികൾ കാത്തു നിന്നൊരു കാലമുണ്ടായിരുന്നു. നൂറ് കണക്കിന് തൊഴിലാളികളെ ഒരുമിച്ചുകണ്ട് വോട്ട് അഭ്യർത്ഥിക്കാനും, വാഗ്ദാനങ്ങൾ നൽകാനും നേതാക്കൾ
എത്തിയതൊക്കെ പഴയ കാലം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ടെക്‌സ്റ്റൈൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അളഗപ്പ ടെക്‌സ്റ്റൈൽസ് അടച്ചുപൂട്ടിയത് 2019 ൽ കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു. ഒരു കാലത്ത് 3000ൽ ഏറെ ജീവനക്കാരുണ്ടായിരുന്ന ഇവിടെ അടച്ചുപൂട്ടുമ്പോൾ മൂന്നൂറോളം ജീവനക്കാരാണുണ്ടായിരുന്നു. കുറെക്കാലം ജീവനക്കാർ കുത്തിയിരുപ്പ് സമരവും സത്യഗ്രഹവും ഒക്കെ നടത്തി. ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും ആളനക്കമില്ലാത്ത പരിസരവും ഇന്ന് ഗതകാല സ്മരണ ഉണർത്തുന്നു.