അന്തിക്കാട് : കാഞ്ഞാണി ശ്രീനാരായണ ഗുപ്തസമാജം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സമാജം സംരക്ഷണ സമിതിയുടെ പാനലിൽ മത്സരിച്ച് വിജയിച്ചവരിൽ തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിക്കലും പ്രകടനപത്രിക പ്രകാശനവും നടന്നു. ഭാരവാഹികളായി ബിജു ഒല്ലേക്കാട്ട് (പ്രസിഡന്റ്), സാജൻ കൂട്ടാല (വൈസ് പ്രസിഡന്റ്), ശശിധരൻ കൊട്ടേക്കാട്ട് (ജനറൽ സെക്രട്ടറി), രതീഷ് കൂനത്ത് (സെക്രട്ടറി), പ്രദീപ് ചുള്ളിപ്പറമ്പിൽ (സ്‌കൂൾ മാനേജർ), ജയപ്രകാശൻ പണ്ടാരൻ (ട്രഷറർ), വേണുഗോപാലൻ ചേർത്തേടത്ത് (കെട്ടിടം കുറി ഇൻ ചാർജ്) എന്നിവരെ തെരഞ്ഞെടുത്തതായി സംരക്ഷണസമിതി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി അറിയിച്ചു. ബോർഡ് അംഗങ്ങളെ ഉൾപ്പെടുത്തി ഉപദേശ സമിതിക്കും രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു. ചിദംബര ക്ഷേത്രം പുതുക്കിപ്പണിയുക, സമാജം അംഗങ്ങളുടെ സഹകരണ സംഘം രൂപീകരിക്കുക, അംഗങ്ങളിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക, സംസ്ഥാന പാത വികസനത്തിന് ശേഷം കാഞ്ഞാണി കെട്ടിട സമുച്ചയം, ഗുരുദേവ മന്ദിരം എന്നിവ പുതുക്കിപ്പണിയുക, എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് മുറികളിൽ എ.സി മുതലായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, കാരമുക്ക് ചിദംബര ക്ഷേത്രം തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക തുടങ്ങി 13 ഇന വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. സംരക്ഷണ സമിതി വോയിസ് ചെയർമാൻ ധനേഷ് മഠത്തിപറമ്പിൽ, ട്രഷറർ സുനിൽകുമാർ കുറുവങ്ങാട്ടിൽ, ജോയിന്റ് കൺവീനർ റെനി പള്ളിയിൽ, ഭരണസമിതി പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.