
തൃശൂർ: രാജ്യത്ത് ജനാധിപത്യം വികസിപ്പിച്ചതിൽ കോൺഗ്രസിന്റെ പങ്ക് അംഗീകരിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ ഫാസിസത്തിനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണ വ്യവസ്ഥയ്ക്കുമെതിരെ ഗാന്ധി നെഹ്‌റു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുടെ കൂടിച്ചേരൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രണ്ട് ഫാസിസവും ഒരേ പോലെ എതിർക്കപ്പെടണമെന്ന ചിന്തയാണ് തനിക്കുള്ളത്. ജനാധിപത്യത്തെ അംഗീകരിക്കുന്നവരല്ല കേരളത്തിലെ എൽ.ഡി.എഫ്. ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം കോൺഗ്രസിനുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു. ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ.കെ.അരവിന്ദാക്ഷൻ, ഡോ.കെ.വിനോദ് ചന്ദ്രൻ, ഡോ.ബെറ്റിമോൾ മാത്യു, എം.പി.സുരേന്ദ്രൻ, ജെയിംസ് ചിറ്റിലപ്പിള്ളി, കെ.എൽ.ജോമി എന്നിവർ സംസാരിച്ചു. യു.ഡി.എഫ് തൃശൂർ സ്ഥാനാർത്ഥി കെ.മുരളീധരൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.പി സാവിത്രി ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.