kannukadan

ദൈവപുത്രനായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്. കുരിശുമരണം കഴിഞ്ഞ് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യമായി ആശംസിച്ചത് 'നിങ്ങൾക്ക് സമാധാനം'എന്നായിരുന്നു. ശിഷ്യരെ കരങ്ങളിലെയും പാദങ്ങളിലെയും ഹൃദയത്തിലെയും മുറിവുകൾ കാണിച്ചുകൊടുത്തപ്പോൾ വലിയൊരു സന്ദേശമാണ് ലോകത്തിന് പകർന്നത്. പീഡനങ്ങളെയും സഹനങ്ങളെയും അതിജീവിച്ച് വിജയത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും മുന്നേറുകയെന്ന സന്ദേശം. ജീവിതത്തിലെ ഒറ്റയടി പാതയിലൂടെ നടന്നുനീങ്ങുന്നവർക്ക് മുന്നിൽ കാൽവരികൾക്കും കുരിശുമരണങ്ങൾക്കും അപ്പുറം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുലരികളുണ്ട്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും അസ്വസ്ഥതകളും വിള്ളലുകളും സർവസാധാരണമായി മാറുന്ന ഇക്കാലത്ത് ശാശ്വതമായ സമാധാനത്തിലേക്കുള്ള പാത സഹനങ്ങളുടെയും വിട്ടുവീഴ്ചകളുടെയും അനുരഞ്ജനത്തിന്റേതുമാണെന്ന് ഉയിർപ്പ് ഓർമ്മിപ്പിക്കുന്നു.

മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ