wildboar

ചാലക്കുടി: നഗരം കാണാനെത്തിയതാണ്. നെട്ടോട്ടവും വലയിൽ പെടലും, എല്ലാംകഴിഞ്ഞ് ഔദ്യോഗിക അകമ്പടിയോടെ കാട്ടിലേയ്ക്കുള്ള മടക്കയാത്രയുമായി. നഗരത്തിൽ പ്രത്യക്ഷപ്പെട്ട ആൺ കാട്ടുപന്നിയായിരുന്നു കഥാനായകൻ. പോട്ട ആശ്രമം പരിസരത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു പ്രത്യക്ഷപ്പെടൽ. പുതുശേരി കാട്ടാളൻ പോളി എന്നയാളുടെ കുറ്റിക്കാട് നിറഞ്ഞ പറമ്പിൽ ഇതിനെ കണ്ടെത്തിയ പരിസരവാസികൾ വനപാലകരെ വിവരമറിയിച്ചു. പരിയാരം മൊബൈൽ യൂണിറ്റിൽ നിന്നും ഉദ്യോഗസ്ഥരെത്തി പിടിക്കാൻ ശ്രമം തുടങ്ങി. അതിഥി വെപ്രാളപ്പെട്ട് പരക്കം പാഞ്ഞു. റോഡിലൂടെ ഓടിയ ഇത് ചെങ്ങിനിമറ്റം സോണി എന്നയാളുടെ വീട്ടുപടിക്കലെത്തിയപ്പോൾ തൊട്ടുപിന്നാലെയെത്തിയ സംഘത്തിന്റെ വലയിൽ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ 75 കിലോയോളം തൂക്കമുള്ള ഇതിനെ പിടിച്ചത്. ബി.എഫ്.ഒ പ്രദീപ്കുമാർ, റെസ്‌ക്യൂ വാച്ചർ ഡിജിത്ത് എന്നിവർ നേതൃത്വം നൽകി.