തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിലേക്ക് സ്ഥാനാർത്ഥികൾ കടക്കാനിരിക്കെ വീടു കയറിയുള്ള പ്രചാരണത്തിലേക്ക് മുന്നണികൾ. ജില്ലയിൽ ഉൾപ്പെടുന്ന മൂന്നു മണ്ഡലങ്ങളിലും ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന അടങ്ങുന്ന ലഘുലേഖകളുടെ വിതരണം തുടങ്ങി. സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ഇതിനകം പൂർത്തിയായി. കൊട്ടിക്കലാശത്തിനു മുൻപ് കവലകൾ കേന്ദ്രീകരിച്ചുള്ള സ്വീകരണ പരിപാടികൾക്കും ഒരുക്കം തുടങ്ങിയിട്ടുണ്ട്.
സ്ഥാനാർത്ഥികളും വീടുകളിൽ
മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രചാരണം നേരത്തെ ആരംഭിച്ചതിനാൽ സ്ഥാനാർത്ഥികളും വീട് കയറിയിറങ്ങിയുള്ള പ്രവർത്തനത്തിനും സമയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കെ. മുരളീധരൻ അയ്യന്തോൾ മേഖലയിലെ വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുമെല്ലാം പ്രവർത്തകർ നിശ്ചയിക്കുന്ന സ്ഥലത്തെ വീടുകളിലെത്തുന്നുണ്ട്.
ജാതി തിരിച്ചുള്ള കണക്കെടുപ്പ്
ഓരോ ബൂത്തുകളിലും ഏത് വിഭാഗത്തിനു എത്ര വോട്ടുണ്ടെന്ന കണക്കെടുപ്പ് എല്ലാ മുന്നണികളും പൂർത്തിയാക്കി. അതിൽ ചാഞ്ചാടി നിൽക്കുന്നവരുടെ വോട്ടുകൾ അനൂകൂലമാക്കുന്നത്തിനുള്ള പ്രവർത്തനത്തിലാണ് രാഷ്ട്രീയ കക്ഷികൾ.
കുടുംബ സംഗമം സജീവമായി
സ്ത്രീ വോട്ടർമാരെ പങ്കെടുപ്പിച്ചുള്ള കുടുംബ സംഗമങ്ങളും സജീവം. എല്ലാ യോഗങ്ങളിലും സ്ഥാനാർത്ഥി നേരിട്ട് എത്തുന്നില്ലെങ്കിലും പ്രമുഖ നേതാക്കളാണ് കുടുംബസംഗമത്തിനെത്തി സംവദിക്കുന്നത്.
പൊതുസ്ഥലത്തെ നിരോധനം തിരിച്ചടി
പൊതുസ്ഥലത്ത് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ, കൊടികൾ എന്നിവ വയ്ക്കാൻ സാധിക്കാത്തത് പ്രചാരണത്തിന്റെ ആവേശം ചോർത്തുന്നതായി പരാതി. പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചാൽ അര മണിക്കൂറിനകം നീക്കും. അതിനാൽ സ്വകാര്യ വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ ബോർഡ് സ്ഥാപിക്കാൻ കഴിയൂ. പ്രമുഖ മുന്നണിക്കാരെ പിണക്കാതിരിക്കാൻ ആർക്കും അനുവാദം കൊടുക്കാതിരിക്കുകയാണ് പലരും. ഏതെങ്കിലും ഒരാൾക്ക് കൊടുത്താൽ സ്ഥലംഉടമ ആ പാർട്ടിക്കാരനായി മുദ്ര കുത്തുമെന്ന ഭയമാണ് കാരണം. മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പ് കാലമായാൽ തെരുവുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും കൊടിതോരണങ്ങളും നിറയും. ഇത് സംഘർഷത്തിലേക്ക് വരെ വഴിവച്ചിരുന്നു.