 
തൃശൂർ: സിനിമയ്‌ക്കൊപ്പമായിരുന്ന കാൽനൂറ്റാണ്ട് വരയ്ക്കാതിരുന്ന സംവിധായകൻ അമ്പിളി ആറ് വർഷത്തിനിടെ വരച്ചത് നാനൂറോളം ചിത്രങ്ങൾ. സിനിമയിൽ സജീവമായതോടെ നഷ്ടപ്പെട്ട വർണ്ണങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചെന്ത്രാപ്പിന്നി തടത്തിൽ വീട്ടിൽ അമ്പിളി.
പ്രകൃതിയും സ്ത്രീയും സിനിമാ നടന്മാരുമാണ് ഭൂരിഭാഗവും. എല്ലാ മീഡിയത്തിലും വരയ്ക്കും. തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ പഠിക്കവേ വരയും കലാസംവിധാനവുമായി സിനിമയിലെത്തി. ലോക്ക്ഡൗൺ കാലത്ത് ധാരാളം ചിത്രങ്ങൾ വരച്ചു. എറണാകുളത്ത് ഈയിടെ നടത്തിയ പ്രദർശനത്തിൽ സത്യൻ അന്തിക്കാട്, അപർണ ബാലമുരളി ഉൾപ്പെടെ ധാരാളം സിനിമാപ്രവർത്തകർ പങ്കെടുത്തു. 20 കൊല്ലം മുമ്പ് ചെന്ത്രാപ്പിന്നിയിൽ തുടങ്ങിയ അമ്പിളി ആർട്‌സ് അക്കാഡമിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അമ്പിളി. 2004 വിജയദശമി ദിനത്തിൽ, പത്മഭൂഷൻ ഗുരു അമ്മനൂർ മാധവ ചാക്യാരായിരുന്നു അമ്പിളി അക്കാഡമി ഉദ്ഘാടനം ചെയ്തത്. ആർ.എൽ.വി.രാമകൃഷ്ണനായിരുന്നു നൃത്താദ്ധ്യാപകൻ. രാമകൃഷ്ണൻ പിന്നീട് തിരക്കിലായി. സ്റ്റിൽ ഫോട്ടോഗ്രാഫർ, കലാസംവിധായകൻ, പോസ്റ്റർ ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അമ്പിളി വീണപൂവ് ഉൾപ്പെടെ ഒരു ഡസൻ സിനിമകളുടെ സംവിധായകനാണ്. ഭാര്യ ഷീല. മക്കൾ: അയിഷ മരിയ അമ്പിളി, സഹ സംവിധായകൻ രാഹുൽ തടത്തിൽ.
ചിത്ര-ചലച്ചിത്ര ശില്പശാല
അമ്പിളിയുടെ ചിത്ര - ചലച്ചിത്ര ശില്പശാലയുടെ ഉദ്ഘാടനം ആറിന് രാവിലെ പത്ത് മുതൽ ആറര വരെ തൃശൂർ ഹോട്ടൽ എലൈറ്റിൽ സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. നർത്തകൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ വിളക്കു കൊളുത്തും. അഡ്വ.എ.ആർ.രഘുരാമപ്പണിക്കർ (ആവണേങ്ങാട്ട് കളരി) മുഖ്യാതിഥിയാകും. 'ഈ നൂറ്റാണ്ടിലെ ഇന്ത്യൻ ചിത്രകല' എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം മ്യൂറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ കെ.യു.കൃഷ്ണകുമാറും കലാസംവിധാനവും പോസ്റ്റർ ഡിസൈനിംഗും സിനിമയിൽ എന്ന വിഷയത്തിൽ അമ്പിളിയും പ്രസംഗിക്കും. നാടകതിരക്കഥാ രചനയെക്കുറിച്ച് ശ്രീമൂലനഗരം മോഹൻ, അഭിനയം നാടകത്തിൽ സിനിമയിൽ നടൻ ടി.ജി.രവി, മനോധർമ്മം അഭിനയത്തിൽ ജയരാജ് വാര്യർ എന്നിവർ പ്രസംഗിക്കും. രജിസ്‌ട്രേഷന് : 9447527522, 9074218440.
കാൽ നൂറ്റാണ്ട് വരയ്ക്കാതിരുന്നതിൽ നഷ്ടബോധമുണ്ട്. കഴിയും വിധം വീണ്ടെടുക്കാനാണ് ശ്രമം.
അമ്പിളി