annadhanam

കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയും ഭരണി അന്നദാന യജ്ഞസമിതിയും സംയുക്തമായി നടത്തുന്ന അന്നദാനയജ്ഞത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം മഠത്തിൽ രവീന്ദ്രനാഥൻ അടികൾ നിർവഹിച്ചു. അന്നദാന യജ്ഞം നടക്കുന്ന സ്ഥലവും പരിസരവും നൂറോളം യജ്ഞ സേവകർ ചേർന്ന് ശുചീകരണം നടത്തി.

കാൽനാട്ടു ചടങ്ങിൽ ഉപദേശക സമിതി ഭാരവാഹികളായ എ.വിജയൻ, കെ.വി.മുരളീധരൻ, അന്നദാനയജ്ഞ സമിതി ഭാരവാഹികളായ പ്രൊഫ.നാരായണൻ കുട്ടി മേനോൻ, മേജർ ജനറൽ വിവേകാനന്ദൻ, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവർക്കൊപ്പം ഉപദേശക സമിതി അംഗങ്ങളും, നിരവധി യജ്ഞ സേവകരും പങ്കെടുത്തു. ഏപ്രിൽ 7 മുതൽ 9 വരെയാണ് തെക്കേ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ അന്നദാനം നടത്തുന്നത്. അന്നദാന യജ്ഞത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 7ന് രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ.സുദർശൻ നിർവഹിക്കും.