ചാലക്കുടി: വേനൽ അവധിക്കാലം എത്തിയതോടെ വിനോദ സഞ്ചാരുകളുടെ കേന്ദ്രമായി കൂടപ്പുഴ ആറാട്ടുകടവ്. നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുളിക്കാനും പുഴകാണാനും കടവിലെത്തിയത്. ഭൂരിപക്ഷം പേരും ദൂര പ്രദേശങ്ങളിൽ നിന്നെത്തിയവരാണ്. റോഡരികിൽ വാഹനങ്ങളുടെ നീണ്ട നിരതന്നെ ദ്യശൃമായിരുന്നു. വരും ദിവസങ്ങളിൽ ഇവിടെ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. തടയണ കെട്ടിയതു മുതലാണ് വിനോദ സഞ്ചാരികളെ ആറാട്ടുകടവിലേയ്ക്ക് ആകർഷിച്ചു തുടങ്ങിയത്. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആറാട്ടു മുങ്ങലും ബലിതർപ്പണവുമെല്ലാം കണക്കിലെടുത്ത് നീളത്തിൽ പടവുകൾ കെട്ടിയതും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. പരിയാരം സി.എസ്.ആർ കടവിലെ തടയണയിലും ഇത്തരത്തിൽ വിനോദ സഞ്ചാരം നടക്കുന്നുണ്ട്. ചാലക്കുടിപ്പുഴയിൽ അന്നനാട് ആറങ്ങാലിയെ മാറ്റി നിർത്തിയാൽ ഇത്രയേറെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കുളിക്കടവ് വേറെയില്ല. ദിനം പ്രതി സഞ്ചാരികളുടെ വർദ്ധന മറ്റൊരു തരത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അശ്രദ്ധമായി കുളിക്കാനിറങ്ങുന്നവർക്ക് സംഭവിച്ച അപകടങ്ങൾ ഇതിന്റെ ചൂണ്ടുപലകയാണ്. സുരക്ഷയുടെ ഭാഗമായി അഗ്‌നിശന വിഭാഗം ഇവിടെ സേഫ്റ്റി റ്റൃൂബ് അടക്കമുള്ള ഉപകരങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.