
വർക്കല: പരമ്പരാഗത ഇടതുപക്ഷ കോട്ടയെന്ന് വിശേഷണമുള്ള ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം തിരിച്ചു പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എൽ.ഡി.എഫ് ക്യാമ്പിൽ സജീവമാണ്. ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ മനസിലാക്കാനും ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിനും വി. ജോയി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആദിവാസി മേഖലകളും കാമ്പസുകളും മത്സ്യത്തൊഴിലാളികളെയും സ്ഥാനാർത്ഥികൾ നേരിൽക്കാണുന്നുണ്ട്. ജീവൽപ്രശ്‌നങ്ങൾക്കും വികസനത്തിനും പ്രഥമ പരിഗണന ഉറപ്പ് നല്കിയാണ് വി. ജോയിയുടെ പര്യടനം. ഇന്ന് രാവിലെ 7ന് തീരമാകെ ജോയി എന്ന കാമ്പെയിൻ വർക്കലയിൽ നടക്കും.
വിജയം മുന്നിൽക്കണ്ടുള്ള അണിയറ നീക്കങ്ങളിൽ സജീവമാണ് കോൺഗ്രസ് ക്യാമ്പുകളും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അടൂർ പ്രകാശിനെ തുണയ്ക്കുമെന്ന വിശ്വാസം മുൻനിറുത്തിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇന്നലെ അരുവിക്കരയിലെ കൺവെൻഷൻ എം.എം.ഹസനും നെടുമങ്ങാട്ടെ കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. കിളിമാനൂർ, മുദാക്കൽ, പനവൂർ എന്നിവിടങ്ങളിലും യു.ഡി.എഫ് കൺവെൻഷനുകൾ നടന്നു. കിഴുവിലം, പാങ്ങോട്, തേമ്പാംമൂട്, അരുവിക്കര, മാറനല്ലൂർ, വെള്ളല്ലൂർ എന്നിവിടങ്ങളിൽ ഇന്ന് നടക്കുന്ന കൺവെൻഷനുകളിൽ അടൂർ പ്രകാശ് പങ്കെടുക്കും.
സംവാദങ്ങളുമായി യു.ഡി.എഫ്
ചിറയിൻകീഴ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ് സന്ദർശനത്തോടെയാണ് ഇന്നലെ
വി . മുരളീധരന്റെ പ്രചാരണം ആരംഭിച്ചത്. വെമ്പായം തെക്കട മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ദർശനം നടത്തി.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ അദ്ധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുമായി സംവദിച്ചു. ആര്യനാട് എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്ന ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ചയിലും വി.മുരളീധരൻ പങ്കെടുത്തു. മലയോര - വനമേഖലകളിലെ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും അരുവിക്കരയുടെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതും ചർച്ചയായി. നാരുവാമൂട്, കാട്ടാക്കട എന്നിവിടങ്ങളിൽ നടന്ന പദയാത്രകളിലും പങ്കെടുത്തു.