v-joy

വർക്കല:തീരദേശത്തെ ജനങ്ങൾക്കൊപ്പം തീരമാകെ ജോയിയെന്ന ക്യാമ്പെയിനോടെയാണ് ഇന്നലെ ജോയി വർക്കലയിൽ പര്യടനം തുടങ്ങിയത്. അരിവാളം,പെരുമം, റാത്തിക്കൽ,ഓടയം,മാന്തറ,ഇടവ വെറ്റക്കട എന്നിവിടങ്ങളിൽ തീരമാകെ ജോയിയെന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറ് കണക്കിന് മത്സ്യത്തൊഴിലാളി കുടുബങ്ങൾ ക്യാമ്പെയിനിൽ അണിചേർന്നു.

പ്രളയത്തിൽ മുങ്ങിയ കേരളത്തെ കരുതലോടെ വീണ്ടെടുത്ത കടലിന്റെ മക്കളുടെ ജീവിതം വളരെ അടുത്തറിയാവുന്ന ഒന്നാണെന്നും അവർക്കൊപ്പം ചേർന്ന് നിന്ന് തന്നെയാണ് തന്റെ രാഷ്ട്രീയ ജീവിതം പരുവപ്പെട്ടതെന്നും വി.ജോയി പറഞ്ഞു. ഹരിഹരപുരം സെന്റ് തോമസ് പള്ളിയിലെത്തി വിശ്വാസികളെക്കണ്ട് ഓശാന പെരുന്നാൾ ആശംസകൾ നേർന്നു. ഇന്ന് ചിറയിൻകീഴിലെ ക്യാമ്പസുകൾ സന്ദർശിക്കും. വൈകിട്ട് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളിപ്പിൽ സജീവ സാന്നിദ്ധ്യം.

ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ കിഴുവിലം മണ്ഡലം കൺവെൻഷൻ ഇന്നലെഉദ്ഘാടനം ചെയ്‌തുകൊണ്ടാണ് അടൂർ പ്രകാശ് പ്രചാരണം ആരംഭിച്ചത്.ഇടവ,ഒറ്റുർ, വെള്ളല്ലൂർ,മണനാക്ക് എന്നിവിടങ്ങളിൽ നടന്ന കൺവെൻഷനുകളിലും പങ്കെടുത്തു. ഇന്ന് രാവിലെ 10ന് വെഞ്ഞാറമൂട് നടക്കുന്ന തലേക്കുന്നിൽ ബഷീർ അനുസ്മരണത്തിൽ പങ്കെടുക്കും. അണ്ടൂർക്കോണം മണ്ഡലം കൺവെൻഷനുശേഷം വർക്കലയിൽ പര്യടനം നടത്തും.

രുചിയിടങ്ങളിൽ സന്ദർശനം നടത്തിയും രാഷ്ട്രീയം പറഞ്ഞ് വാർത്തകളിൽ നിറഞ്ഞും വി.മുരളീധരൻ തിരഞ്ഞെടുപ്പ് പര്യടനത്തിൽ സജീവമാണ്. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആരംഭിച്ച പത്മ കഫേയിൽ സന്ദർശനത്തോടെയാണ് ഇന്നലെ വി.മുരളീധരൻ പ്രചാരണം ആരംഭിച്ചത്. അനന്തപുരിയിലെ രുചിയിടമായ ട്രിവാൻഡ്രം ഹോട്ടലിലും സന്ദർശനം നടത്തി. കോരാണി വാറുവിളകം ദേവീക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സമൂഹസദ്യയിൽ പങ്കെടുത്തു. പുകയിലത്തോപ്പിലെത്തി കോളനിയിലെ അമ്മമാരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. നെടുമങ്ങാട് പാങ്കോട് ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കേരള എൻ.ജി.ഒ സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനത്തിലും ആറ്റിങ്ങലിൽ നടന്ന ബി.ജെ.പി എക്‌സ് സർവീസ് സെൽ കൺവെൻഷനിലും പങ്കെടുത്തു.