വർക്കലയിൽ കുടിവെള്ളത്തിനായി നട്ടം തിരിഞ്ഞ് പ്രദേശവാസികൾ
വർക്കല : വേനൽ കടുത്തതോടെ നഗരസഭാ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. കണ്വാശ്രമം, വട്ടപ്ലാമൂട്, മൈതാനം, ജനാർദ്ദനപുരം, പുല്ലാനിക്കോട്, കരുനിലക്കോട് ഭാഗങ്ങളിൽ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. മൂന്നും നാലും ദിവസം കൂടുമ്പോഴാണ് പൈപ്പ് ലൈനുകളിൽ നിന്ന് കുടിവെള്ളം ലഭിക്കുന്നത്. ഒരുതവണ മുടങ്ങിയാൽ വീണ്ടും ഒരാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. പൈപ്പുകളിൽ ലീക്കോ അറ്റകുറ്റപ്പണികളോ നടത്തേണ്ടിവന്നാൽ ജലവിതരണം പൂർണമായും തടസ്സപ്പെടും. ചിലക്കൂർ, വള്ളക്കടവ് ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നുവന്നതിനാൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. നഗരസഭാ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ വാൽവുകൾ വച്ച് കൺട്രോൾ ചെയ്താണ് ജലവിതരണം നടക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനലിന്റെ കാഠിന്യമേറിയത് ജനങ്ങളെ വലയ്‌ക്കുകയാണെന്നുതന്നെ പറയാം. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകളും പൂർണമായി വറ്റിത്തുടങ്ങി.
ജല ഉപഭോഗം വർദ്ധിച്ചു
ജല ഉപഭോഗത്തിലെ ഗണ്യമായ വർദ്ധനയും കുടിവെള്ള പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. നിത്യേന 19 മില്യൺ ലിറ്റർ വെള്ളമാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നതെങ്കിലും നിലവിൽ ജനങ്ങളുടെ ഉപഭോഗത്തിന് ഇത് മതിയാകുന്നില്ല. വർക്കല മേഖലയിൽ നഗരസഭയ്ക്ക് പുറമെ ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ, വെട്ടൂർ, ഒറ്റൂർ, നാവായിക്കുളം, കരവാരം, പള്ളിക്കൽ പഞ്ചായത്തുകളാണ് വർക്കല വാട്ടർ അതോറിട്ടി സബ് ഡിവിഷന് കീഴിലുള്ളത്. ജലജീവൻ മിഷൻ, അമൃത് പദ്ധതികളിൽ ഗാർഹിക പൈപ്പ് കണക്ഷനുകൾ കൂടുകയും ആനുപാതികമായി ജലസ്രോതസ് കണ്ടെത്താനാകാത്തതും പോരായ്മയായി തുടരുകയാണ്.
ദുരുപയോഗത്തിനെതിരെ
നടപടികളുണ്ടാവും
വാട്ടർസപ്ലൈ സബ് ഡിവിഷൻ വർക്കലയുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും ജലവിതരണത്തിൽ നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെളളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കണക്ഷൻ കട്ട് ചെയ്യുന്നതും പിഴ ഉൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്നും വാട്ടർ അതോറിട്ടി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.