
വർക്കല: വോട്ടുറപ്പിക്കാൻ ആദിവാസി ഈരുകളിലും ഗ്രാമ പ്രദേശങ്ങളിലും സ്ഥാനാർത്ഥികൾ പ്രചാരണം ശക്തമാക്കി. വാമനപുരത്തെ പോട്ടമാവ് ആദിവാസി കോളനിയിൽ കഴിഞ്ഞദിവസം വോട്ട് അഭ്യർത്ഥിച്ചെത്തിയ വി.ജോയിയെ ഊര് നിവാസികൾ പനയോല കിരീടവും പുഷ്‌പഹാരങ്ങളും അണിയിച്ച് സ്വീകരിച്ചു.
ശാസ്താംനട, കലയപുരം,പാങ്ങോട്, മടത്തറ,കൊച്ചടപ്പുപ്പാറ,അഞ്ചാനാക്കുഴിക്കര, ചെടിയാംകുന്ന്കയം,നീർപ്പാറ,പച്ചമല,ചെറ്റച്ചൽ സമരഭൂമി, വട്ടപ്പൻകാട് എന്നിവിടങ്ങളിലെ ഊരുകളിലും ജോയ് പര്യടനം നടത്തി. ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ പങ്കെടുക്കും.
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചാനൽ ചർച്ചയിൽ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചുകൊണ്ട് അടൂർ പ്രകാശ് രംഗത്തെത്തി സർക്കാർ തലത്തിലുള്ള ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പരാജയഭീതിയാണ് ആരോപണത്തിന് അടിസ്ഥാനമെന്ന് വി.ജോയി മറുപടി നൽകി. ജാതി കാർഡ് ഇറക്കി വോട്ട് അഭ്യർത്ഥിച്ചത് താനല്ലെന്നും അത്തരത്തിലുള്ള തന്ത്രങ്ങൾ ശ്രീനാരായണഗുരുദേവന്റെ മണ്ണിൽ വിലപോവില്ലെന്നും വി.ജോയി പറഞ്ഞു.
യു.ഡി.എഫിന്റെ വാമനപുരം,നഗരൂർ മണ്ഡലം കൺവെൻഷനുകളിലും അടൂർ പ്രകാശ് പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കന്യാകുളങ്ങര മുതൽ വെമ്പായം വരെ നടത്തിയ നൈറ്റ് മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ 10ന് ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
പോത്തൻകോട് പണിമൂല ഭഗവതി ക്ഷേത്ര ദർശനത്തോടെയാണ് ഇന്നലെ വി.മുരളീധരന്റെ പര്യടനം ആരംഭിച്ചത്. കാട്ടാക്കടയിൽ എസ്.ജയരാജൻ എവർറോളിംഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഔദ്യോഗിക പരിപാടികളുടെ ഭാഗമായി രാത്രിയോടെ കോട്ടയത്തേക്ക് തിരിച്ചു.