വിതുര: മീനച്ചൂടിൽ വെന്തുരുകി കാടും നാടും. കത്തുന്ന ചൂടിൽ നിർമ്മാണ മേഖലയും വെന്തുരുകുകയാണ്. കാർഷികമേഖലയും വരണ്ടുണങ്ങി. മലയോരമേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമർന്നിട്ട് രണ്ട് മാസമാകുന്നു. മഴയുടെ വരവുംകാത്ത് നാട്ടുകാർ വോഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. പൊന്മുടി, ബോണക്കാട്, പേപ്പാറ, കല്ലാർ, ആനപ്പാറ തുടങ്ങി വനമേഖലകളിലെ പുൽമേടുകൾ മുഴുവൻ ഉണങ്ങിത്തുടങ്ങി. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വരെ വറ്റി. ഇതോടെ കൂട്ടമായും തനിച്ചും വന്യമൃഗങ്ങൾ നാട്ടിലേക്ക് ചേക്കേറാൻ തുടങ്ങി. ഭക്ഷണവും വെള്ളവും കിട്ടാനായി നാട്ടിൽ വിഹരിക്കുന്ന വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരത്തെ ജനങ്ങൾ.

കൂട്ടമായി വന്യമൃഗങ്ങൾ

കൂട്ടമായെത്തുന്ന വാനരപ്പട ഒരുതുള്ളിവെള്ളത്തിനായി പരക്കംപായുന്ന കാഴ്ചയും നാട്ടിൽ കാണാം. വീടുകളിലെ പാത്രങ്ങളിലും മറ്റും വെള്ളംകണ്ടാൽ ഇവ പാഞ്ഞടുക്കും മതിവരുവോളം വെള്ളം കുടിച്ചാണ് ഇവരുടെ യാത്ര. എന്നാൽ സ്വന്തം വീട്ടാവശ്യത്തിന് അരുവികളിൽ നിന്നോ ദുരെ സ്ഥലങ്ങളിൽനിന്നോ ശേഖരിക്കുന്നവയോ വിലയ്ക്ക് വാങ്ങുന്നതോ ആയ വെള്ളമായിരിക്കും ഇത്തരത്തിൽ വാനരന്മാർ കൊണ്ടുപോകുന്നത്. ഓടിച്ചുവിടാമെന്നു കരുതിയാൽ പിന്നെ പറയേണ്ട,​ ആക്രമണം ഉറപ്പ്.

കാട്ടാനയും

ഡിസംമ്പർ വരെ ചില ദിവസങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ജനുവരിയോടെ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. രണ്ട് മാസത്തിൽ കൂടുതലായി അനുഭവപ്പെടുന്ന കത്തുന്ന ചൂടുമൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങുകയും ചെറു അരുവികളും നീർച്ചാലുകളും വറ്റി വരളുകയും ചെയ്തു. നദികളിലെ ജലനിരപ്പും കുറഞ്ഞു. പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശങ്ങളിലുമായി പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാനെത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്.

 ഭീതിയോടെ തൊഴിലാളികൾ

ടാപ്പിംഗ് തൊഴിലാളികൾ ജോലി ചെയ്യുന്നത് ഭീതിയിലാണ്. പുലർച്ചെ ടാപ്പിംഗിന് പോയ തൊഴിലാളികളെ കരടിയും, കാട്ടാനയും പന്നിയും, കാട്ടുപോത്തും ആക്രമിച്ച് പരിക്കേൽപ്പിക്കുന്നത് പതിവായി. വിതുര പഞ്ചായത്തിലെ കല്ലാർ, പൊൻമുടി മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കാത്ത ദിവസങ്ങളില്ല. പകൽ സമയങ്ങളിൽ പോലും പൊന്മുടി - കല്ലാർ റോഡിൽ കാട്ടാനകളുടെ താണ്ഡവമാണ്.

 വ്യാപക കൃഷിനാശം

ബോണക്കാട്, പൊന്മുടി, കല്ലാർ, പേപ്പാറ, തലത്തൂതക്കാവ്, മരുതാമല, അടിപറമ്പ്, മണിതൂക്കി, മണലി, അല്ലത്താര, കൊമ്പ്രാംകല്ല്,പൊടിയക്കാല,കുട്ടപ്പാറ, ജഴ്സിഫാം,ചാത്തൻകോട്,ചെമ്മാംകാല മേഖലകളിലാണ് കാട്ടുമൃഗശല്യം രൂക്ഷമാകുന്നത്. തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു. ഇതുമൂലം കർഷകർക്ക് ഭീമമായ നഷ്ടമുണ്ട്. രണ്ടുതവണ പൊൻമുടിയിൽ പുലിയിറങ്ങി. പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷനു സമീപമുള്ള റബർ എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ താവളമുറപ്പിച്ചിട്ട് മാസങ്ങളേറെയായി.