
ആശുപത്രികൾക്ക് പഞ്ഞമില്ലാത്ത ഇന്നത്തെ കാലത്ത് കച്ചവടത്തിനു പകരം ആതുരസേവനം മാത്രം ലക്ഷ്യമിടുന്ന എസ്.യു.ടിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ആശുപത്രി സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി 'രാജ്യരക്ഷയിൽ നിന്ന് ജീവൻ രക്ഷയിലേക്കുള്ള' തന്റെ യാത്രയെപ്പറ്റി പറയുന്നു
ആരോഗ്യരംഗത്ത് കേരളം മികവുകൾ തുടരുമ്പോൾ അതിൽ മുഖ്യപങ്കു വഹിക്കുന്ന ആശുപത്രികളിലൊന്ന്- എസ്.യു.ടി പട്ടം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി! 36 വർഷങ്ങൾക്കു മുമ്പ് കേരളത്തിന് അന്നുവരെ പരിചിതമല്ലാതിരുന്ന പുത്തൻ ചികിത്സാ സങ്കേതങ്ങളുമായി കടന്നുവന്ന സ്ഥാപനമാണിത്. ആശുപത്രികൾക്ക് പഞ്ഞമില്ലാത്ത ഇന്നത്തെ കാലത്ത് കച്ചവടത്തിനു പകരം ആതുരസേവനം മാത്രം ലക്ഷ്യമിടുന്ന എസ്.യു.ടിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ആശുപത്രി സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി 'രാജ്യരക്ഷയിൽ നിന്ന് ജീവൻരക്ഷയിലേക്കുള്ള' തന്റെ യാത്രയെപ്പറ്റി പറയുന്നു:
കുറവുകളെ
കഴിവുകളാക്കി
എന്നെ ഞാനാക്കിയത് രണ്ട് ഘടകങ്ങളാണ്- അച്ഛനും സൈനിക് സ്കൂളും. ചെറുപ്പത്തിൽ അന്തർമുഖത്വവും ഭയവുമുള്ള കുട്ടിയായിരുന്നു ഞാൻ. അച്ഛൻ മണ്ണാളി വിശ്വനാഥൻ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. ഒരിക്കൽപ്പോലും എന്നെ കുറ്റപ്പെടുത്തി മാറ്റിയെടുക്കാൻ അച്ഛൻ ശ്രമിച്ചിട്ടില്ല. പക്ഷേ, എന്റെ കഴിവുകളെ അന്നേ അദ്ദേഹം കൃത്യമായി ഗ്രഹിച്ചിരിക്കണം. സൈനിക് സ്കൂളിലെ ചിട്ടയായ പരിശീലനത്തിലൂടെ എന്നിൽ ഒരു നേതാവുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
സൈനിക് സ്കൂളിന്റെ ചരിത്രത്തിൽത്തന്നെ എട്ടാംക്ലാസിൽ വച്ച് പ്രിഫെക്ട് ആയ നാലുപേരിൽ ഒരാളാണ് ഞാൻ. കുറവുകളെ കഴിവുകളാക്കി മാറ്റിയത് ഞാൻ തന്നെ തിരിച്ചറിഞ്ഞത് അന്നാണ്. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആദ്യശ്രമത്തിൽ തന്നെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പ്രവേശനം നേടാനായി. 21-ാം വയസിൽ കമ്മിഷൻഡ് ഓഫീസറായി. ഏറെ വൈഭവവും ക്ഷമയും ആത്മാർത്ഥതയും ആവശ്യമുള്ള പദവിയാണ് ഒരു മിലിട്ടറി ഓഫീസറുടേത്. മഞ്ഞത്തും വെയിലത്തും രാജ്യത്തങ്ങോളമിങ്ങോളം പ്രവർത്തിച്ച് രാജ്യത്തിന്റെ ആത്മാവ് മനസിലാക്കാനായി.
കുടുംബം
കരുത്തായി
ഇരുപത്തിനാലാം വയസിലാണ് വിവാഹിതനാകുന്നത്. ഭാര്യ ജയയ്ക്ക് കുറച്ചുനാൾ മെഡിസിൻ ചെയ്യാൻ ഭാഗ്യമുണ്ടായി. സൈനിക ജീവിതത്തിനൊപ്പം കുടുംബ ജീവിതവും മുന്നോട്ടു കൊണ്ടുപോകാനായി.
മൂത്തമകൾ അശ്വതി ( ഓർത്തോഡോണ്ടിസ്റ്റ്), ഭർത്താവ് ദേവസി (മെർച്ചന്റ് മറൈൻ ചീഫ് എൻജീനിയർ). മകൻ അനൂപ് (ചെന്നൈ എസ്.ആർ.എം മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക്ക് സർജറിയിൽ എം.സി.എച്ച് ചെയ്യുന്നു). ഭാര്യ രേഷ്മ (ഓഫ്താൽമോളജിസ്റ്റ്). കിയാര, ഗിന, ഷി എന്നിവരാണ് ചെറുമക്കൾ.
സൈനികരുടെ ഭാര്യമാർ വീരനാരികളാണ്. അവർ കടന്നുപോകുന്ന വഴികൾ ദുർഘടവും, സഹനശക്തിയും ആത്മനിയന്ത്രണം വേണ്ടതുമാണ്. പട്ടാളക്കാരൻ തന്റെ കർത്തവ്യങ്ങളിൽ വ്യാപൃതനായിരിക്കുമ്പോൾ ഒറ്റയ്ക്ക് കുടുംബം നോക്കേണ്ടത് ഭാര്യമാരാണ്. ഓഫീസർമാരുടെ ഭാര്യമാർക്ക് കുറേക്കൂടെ ഉത്തരവാദിത്വമുണ്ട്. സൈനിക യാത്രയിലും ഇപ്പോഴും കുടുംബം തന്നെയാണ് ശക്തി.
വിരമിച്ച
ശേഷം
വിരമിച്ചതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് സേനയിലുള്ളപ്പോൾ ചിന്തിച്ചിട്ടേയില്ല. ഭഗവാൻ കൈപിടിച്ച് ഈ രംഗത്തേക്ക് കൊണ്ടുവന്നതാണ് എന്നാണ് എന്റെ വിശ്വാസം. 2009- ലാണ് വിരമിക്കുന്നത്. റിട്ടയർ ചെയ്ത് കുറച്ചു നാൾ കഴിഞ്ഞ് ഒരു ഫോൺകാൾ വന്നു. വൈക്കത്തുള്ള ഇന്തോ അമേരിക്കൻ ആശുപത്രിയിലേക്ക് എം.ഡി ആൻഡ് സി.ഇ.ഒയെ ആവശ്യമുണ്ടെന്നായിരുന്നു അത്. വീട്ടുകാർക്ക് വലിയ താത്പര്യമില്ലായിരുന്നു. എന്നാൽ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. അധികം വൈകാതെ പുതിയ ചുമതലയിൽ പ്രവേശിച്ചു. അവിടെ നാലുവർഷം ചെലവഴിച്ചു. ആശുപത്രി മാനേജ്മെന്റ് മേഖലയിലെ ബാലപാഠങ്ങൾ അന്നാണ് പഠിച്ചത്. ആരോഗ്യ കോൺഫറൻസുകളിൽ പങ്കെടുത്തു.
സ്വയം വിമർശന ബുദ്ധിയോടെ പ്രവർത്തനനിരതനായി. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ആശുപത്രിയെ കരകയറ്റാനായി. നിരവധി സ്ത്രീകൾക്ക് സ്വയം തൊഴിൽ സൃഷ്ടിക്കാനുതകുന്ന ഒരു സംഘടന സ്ഥാപിക്കാനായി. നേതൃത്വ പരിശീലന കോഴ്സുകൾ സംഘടിപ്പിച്ചു.
കാത്തിരുന്ന
വഴിത്തിരിവ്
ചെന്നൈയിൽ ആയിരുന്നപ്പോൾ വെല്ലൂരിലെ സുവർണ ക്ഷേത്രം സന്ദർശിക്കുന്നത് പതിവായിരുന്നു. അവിടുത്തെ കാര്യങ്ങൾ നോക്കാൻ സീനിയർ പോസ്റ്റിലുള്ള ഒരാളെ ആവശ്യമുണ്ടെന്ന് മഠാധിപതി പറഞ്ഞു. മഠാധിപതിയായ ശക്തിയമ്മ എന്നെ അവിടേക്ക് ക്ഷണിച്ചു. അവിടെ രണ്ടുവർഷം. പിന്നീട് വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിലേയ്ക്ക്. മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറായി രണ്ടുവർഷം. ശ്രീപദ്മനാഭനാണ് കൈപിടിച്ച് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
എസ്.യു.ടി ബുദ്ധിമുട്ടുകളിലൂടെ പോകുന്ന കാലമായിരുന്നു അത്. രാജിവയ്ക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ ഒളിച്ചോടാൻ മനസ് അനുവദിച്ചില്ല. എസ്.യു.ടിയെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. സേനയിൽ കമാൻഡിംഗ് ഓഫീസർ ആയിരിക്കേ ആയിരത്തോളം പേരുടെ ജീവൻ എന്റെ കൈയിലായിരുന്നു. അതു തന്നെയാണ് ഇവിടെയും. രോഗികളുടെയും ജീവനക്കാരുടെയും ജീവിതം എന്റെ കൈകളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ തീരുമാനത്തിനും ജീവന്റെ വിലയുണ്ട്. എത്ര പെട്ടെന്ന് തീരുമാനമെടുക്കുന്നു എന്നതിലും കാര്യമുണ്ട്.
മികവുകളുടെ
ആശുപത്രി
കേരളത്തിൽ ആദ്യമായി ബീറ്റിംഗ് ഹാർട്ട് ബൈപ്പാസ് സർജറി വിജയകരമായി പൂർത്തിയാക്കിയത് എസ്.യു.ടിയിലാണ്. കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദധാരിയും മികച്ച ഹൃദ്റോഗ ചികിത്സകനുമായ ഡോ. സി. ഭരത്ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു എസ്.യു.ടിയുടെ ആരംഭം. ഇപ്പോൾ ആശുപത്രിയുടെ ചുക്കാൻ പിടിക്കുന്നത് ചെയർമാനായ ഡോ. ബി.ആർ. ഷെട്ടിയാണ്. 2017-ലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നത്. ഇതിനകം നാല്പതു പേർക്ക് വിജയകരമായി വൃക്ക മാറ്റിവച്ചു.
ലാപ്പറോസ്കോപ്പിക് സർജറിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി, എല്ലാ വിഭാഗങ്ങളിലും അഡ്വാൻസ്ഡ് കീഹോൾ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്ര പരിചിതമല്ലാതിരുന്ന കീഹോൾ ശസ്ത്രക്രിയയ്ക്ക് കേരളത്തിൽ കൂടുതൽ പ്രചാരം ലഭിച്ചതും എസ്.യു.ടിയുടെ പ്രവർത്തനഫലമായാണ്. സ്പൈനിലും തലച്ചോറിലും കീഹോൾ ശസ്ത്രക്രിയ വിജയകരമായി ചെയ്യാൻ തുടങ്ങിയതോടെ മറുനാട്ടിലും എസ്.യു.ടിയുടെ പെരുമ വർദ്ധിച്ചു.
പ്രതീക്ഷയും
സ്വപ്നവും
സൈനിക് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ ഇപ്പോഴും ജോലി ചെയ്യുന്നത് ഞാൻ മാത്രം. യുദ്ധഭൂമിയിൽ മരിച്ചു വീഴാനായിരുന്നു സൈനികനായിരുന്നപ്പോൾ ആഗ്രഹിച്ചത്. ഇന്ന് ഏറ്റവും മോഹം ജോലിക്കിടയിൽ മരിക്കാനാണ്. തൊഴിൽ ഒരിക്കലും മടുക്കുന്നില്ല. എസ്.യു.ടിയെ ലോകം അംഗീകരിക്കുന്ന സ്ഥാപനമാക്കുകയാണ് സ്വപ്നം.