h

ഒരു ചേരിയിൽ ഡി.എം.കെ സഖ്യകക്ഷികൾക്ക് സീറ്റുകൾ വീതിച്ചു നൽകി തിരഞ്ഞെടുപ്പ് സന്നാഹങ്ങളൊക്കെ ഒരുക്കി മുന്നോട്ടു പോകുമ്പോൾ,​ മറുചേരിയിൽ പടപ്പുറപ്പാട് എങ്ങനെ,​ ആർക്കൊപ്പം എന്നറിയാതെയുള്ള കൺഫ്യൂഷനിലാണ് തമിഴ്നാട്. ഭരണവിരുദ്ധ വികാരമുണ്ട്. പക്ഷേ,​ അതെല്ലാം ഉയർത്തിക്കാട്ടി ജനങ്ങളെ സമീപിക്കാനുള്ള ഐക്യബോധം പ്രതിപക്ഷത്തിനില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമെല്ലാം എൻ.ഡി.എയുടെ ഭാഗമായിരുന്ന അണ്ണാ ഡി.എം.കെ ആണ് മുന്നണിയെ നയിച്ചിരുന്നത്. ഇപ്പോൾ അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ നിന്ന് പുറത്തു പോയി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലെയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം.

അണ്ണാ ഡി.എം.കെ മുന്നണിയിൽ നിന്നു പോയെങ്കിലും പി.എം.കെ, ഡി.എം.ഡി.കെ പാർട്ടികൾ ഇപ്പോഴും എൻ.ഡി.എയ്ക്കൊപ്പമാണ്. ഡി.എം.കെ മുന്നണിയിൽ പാർട്ടികൾക്കുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ഇന്നും നാളെയുമായി ഡി.എം.കെ സ്ഥാനാർത്ഥി നിർണ്ണയവും നടക്കും.

എൻ.ഡി.എ വിട്ടില്ലെങ്കിലും ഡി.എം.ഡി.കെയും പി.എം.കെയും അണ്ണാ ഡി.എം.കെയുമായി ചർച്ച നടത്തിയിരുന്നു. രണ്ട് പാർട്ടികളും ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒ. പന്നീർശെൽവത്തെ ഒഴിവാക്കിയ ശേഷം എടപ്പാടി പളനിസ്വാമി എന്ന ഒറ്റ നേതാവിനു കീഴിലാണ് അണ്ണാ ഡി.എം.കെ ഇപ്പോൾ. ഒ.പി.എസിനെ പിണിക്കി അകറ്റിയതിന്റെ പ്രത്യാഘാതം പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഈ തിരഞ്ഞെടുപ്പോടെ വ്യക്തമാകും. അതേസമയം,​ പുതിയൊരു മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അണ്ണാ ഡി.എം.കെ. പുതിയ തമിഴർ കക്ഷി പോലുള്ള ചെറുപാർട്ടികളുമായുള്ള ചർച്ചകൾ അവർ ഇപ്പോൾ നടത്തുന്നുണ്ട്.

അണ്ണാ ഡി.എം.കെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടനെ ഒത്തുതീർപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ദക്ഷിണേന്ത്യയിലും ബി.ജെ.പി ആഗ്രഹിക്കുന്ന രീതിയിലുള്ള മുന്നേറ്റം നടത്തണമെങ്കിൽ അത് അനിവാര്യമാണ്. ദേശീയ നേതാക്കൾ എടപ്പാടി പളനിസ്വാമിയെ കണ്ട് ചർച്ച നടത്തിയേക്കും. ഈ ആഴ്ച പോംവഴി ഉണ്ടായില്ലെങ്കിൽ മാത്രമെ അടുത്ത പ്ലാനിലേക്ക് ബി.ജെ.പി കടക്കുകയുള്ളൂ. രാമാനാഥപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്ഥാനാർത്ഥിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രഖ്യാപനം അണ്ണാ ഡി.എം.കെയുടെ അവസാന തീർപ്പിനു ശേഷമായിരിക്കും ഉണ്ടാവുക.നരേന്ദ്രമോദി മത്സരിക്കാനെത്തിയാൽ ദക്ഷിണേന്ത്യയിലാകെ അത് കരുത്തു പകരുമെന്ന് ബി.ജെ.പി കരുതുന്നു.

ഒറ്റ സീറ്റിലെ

എൻ.ഡി.എ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഒരു സീറ്റിൽ ഒതുങ്ങിയത് ശക്തമായ ഭരണവിരുദ്ധ വികാരം ഡി.എം.കെയെ തുണച്ചതുകൊണ്ടാണ്. മാത്രമല്ല, അണ്ണാ ഡി.എം.കെ അണികളിൽ ഒരു ഭാഗം ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിലേക്കു പോയിരുന്നതുകൊണ്ടു കൂടിയാണ്. അവിടെ നിന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75 സീറ്റ് നേടാനായത് എടപ്പാടിയുടെ നേതൃത്വത്തിലുള്ള ഭരണ മികവിന്റെ പിൻബലത്തിലായിരുന്നു. ആകെ കിട്ടിയ ലോക്‌സഭാ സീറ്റ് തേനിയിലാണ്. ജയിച്ചത് പനീർശെൽവത്തിന്റെ മകൻ രവീന്ദ്രനാഥും. ഇപ്പോൾ രണ്ടു പേരും അണ്ണാ ഡി.എം.കെയിൽ ഇല്ല. അതുകൊണ്ട് സീറ്റും ലഭിക്കില്ല. ഒ.പി.എസാകട്ടെ, ബി.ജെ.പിയുമായി കൂട്ടുചേരാനാണ് താത്പര്യം കാണിക്കുന്നത്. ഒ.പി.എസിനെയും ദിനകരനെയും അകറ്റിനിറുത്തിയിരിക്കുകയാണ് ബി.ജെ.പി.

വെളിച്ചം തേടുന്ന

ടോർച്ച്

കഴിഞ്ഞ തവണ മുന്നണിയിലെ രണ്ടാം കക്ഷിയായ കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ പത്ത് സീറ്റുകളാണ് ഡി.എം.കെ നൽകിയത്. അതിൽ തേനിയിൽ തോറ്റു. ഇത്തവണ ഏഴു സീറ്റ് നൽകിയാൽ മതിയെന്ന അഭിപ്രായം ഡി.എം.കെയിൽ ഉണ്ടായെങ്കിലും ഒടുവിൽ പത്ത് തികയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നാണ് സൂചന. സി.പി.ഐ, സി.പി.എം പാർട്ടികൾക്ക് കഴിഞ്ഞ തവണത്തെ പോലെ രണ്ടു സീറ്റ് നൽകി. കഴിഞ്ഞ തവണ രണ്ടുസീറ്റ് ലഭിച്ച വി.സി.കെ ഇത്തവണ നാലു സീറ്റാണ് ചോദിക്കുന്നത്. വൈക്കോയുടെ എം.ഡി.എം.കെയ്ക്ക് കഴിഞ്ഞ തവണ ഒരു സീറ്റും ഒരു രാജ്യസഭാ സീറ്റുമാണ് നൽകിയത്. ഇത്തവണയും ഇതേ ആവശ്യത്തിനൊപ്പം സ്വന്തം ചിഹ്നമായ പമ്പരത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നാണ് വൈക്കോയുടെ ആവശ്യം. കഴിഞ്ഞ തവണ ഡി.എം.കെ ചിഹ്നമായ പമ്പരത്തിലാണ് എം.ഡി.എം.കെ മത്സരിച്ചത്.

എല്ലാ ഘടകകക്ഷികൾക്കും കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് നൽകുമ്പോൾ പുതുതായി എത്താൻ താത്പര്യം കാണിക്കുന്ന കമൽഹാസനെ എങ്ങനെ ഉൾപ്പെടുത്തുമെന്ന ആശയക്കുഴപ്പമാണ് ഡി.എം.കെയ്ക്കുള്ളത്. കോൺഗ്രസിനു നൽകുന്ന സീറ്റിലാണെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുസീറ്റ് നൽകിയാൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം ഡി.എം.കെ മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ മക്കൾ നീതി മയ്യം ചിഹ്നമായ ടോർച്ചിൽ മത്സരിക്കണമെന്ന ആവശ്യമാണ് ഏറ്റവും ഒടുവിലായി കമൽ മുന്നോട്ടു വച്ചിട്ടുള്ളത്.

കക്ഷിനില

2019

ആകെ സീറ്റ്: 39

ഡി.എംകെ- കോൺ. മുന്നണി: 38

എൻ.ഡി.എ: 01

2016

അണ്ണാ ഡി.എം.കെ: 37

പി.എം.കെ: 01

ബി.ജെ.പി: 01