railway-station-

ചിറയിൻകീഴ്: അടിമുടി മാറാൻ ഒരുങ്ങി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ.അമൃത് ഭാരത് പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ നടപ്പാക്കുന്നത്. അതിൽ നാല് കോടിയുടെ ഒന്നാംഘട്ട നവീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബാക്കിയുള്ളവ ഘട്ടംഘട്ടമായി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം സർവീസ് റോഡിന് അഭിമുഖമായി പ്രവേശനകവാടവും ഒരുക്കുന്നുണ്ട്. പാർക്കിംഗ് യാർഡിന്റെയും പ്രവേശന കവാടത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കമ്പനിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ചിറയിൻകീഴ് താലൂക്കിലെ ഏറെ ജനത്തിരക്കുള്ളതും ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതുമായ റെയിൽവേ സ്റ്റേഷനാണ് ചിറയിൻകീഴ്. ആറ്റിങ്ങൽ,കോരാണി,പെരുങ്ങുഴി,കിളിമാനൂർ,വെഞ്ഞാറമൂട്,ആലംകോട് മേഖലയിലുള്ളവർ ദീർഘദൂര ട്രെയിനുകളെയടക്കം ആശ്രയിക്കുന്ന സ്റ്റേഷനാണിത്.

പ്രധാന നവീകരണം

റെയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് വികസനങ്ങൾ നടക്കുന്നത്. വിശാലമായ വാഹന പാർക്കിംഗും സ്റ്റേഷൻ മന്ദിര നവീകരണവുമാണ് ഏറ്റവും പ്രധാനപ്പെട്ട പദ്ധതികൾ. വലിയ വാഹനങ്ങൾ ഉൾപ്പെടെ 100 കണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും.

മറ്റ് പദ്ധതികൾ

സ്റ്റേഷൻ മന്ദിരത്തിന്റെ നവീകരണം,കൂട്ടിച്ചേർക്കൽ,സ്റ്റേഷൻ മാസ്റ്റർ ഓഫീസ്,ടിക്കറ്റ് വിതരണ കേന്ദ്രം,സ്ത്രീകളുടെ വിശ്രമമുറി, ടോയ്‌ലെറ്റുകൾ,സ്റ്റേഷൻ മന്ദിരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിംഗ്,പ്ലാറ്റ്ഫോമുകൾ ടൈൽ പാകി നവീകരിക്കൽ, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഫുട്ഓവർ ബ്രിഡ്ജ്,ചുറ്റുമതിൽകെട്ടി സംരക്ഷണം ഒരുക്കൽ, ഡ്രൈയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിംഗ് ഗ്രൗണ്ടിലും ലൈറ്റുകൾ,പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടൽ,ഫാനുകളും,ശുദ്ധജല സംവിധാനങ്ങളും ഒരുക്കൽ, ഭക്ഷണശാല,യാത്രക്കാരുടെ സൗകര്യാർത്ഥമുള്ള വിപണനശാലകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.