vandippura-road

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വണ്ടിപ്പുര - കോവൂർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്ന് വർഷം.പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മാണത്തിനായി ഇടിച്ചു നിരത്തിയ റോഡ് ഇനിയും ടാർചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടില്ല. നിലവിലുള്ള പഴയ ചെറിയ പാലം നവീകരണം നടത്തിയതിന്റെ പിന്നാലെയാണ് റോഡിന്റെ ടാറിംഗ് ആരംഭിക്കേണ്ടിയിരുന്നത്. പാലം പണി തീർന്നിട്ട് നാളുകളേറെയായെങ്കിലും റോഡിന്റെ നവീകരണം ആരംഭിച്ചിട്ടില്ല. പാലം പണിക്കും റോഡ് പുനർ നിർമ്മാണത്തിനുമായി റോഡ് അടച്ചതോടെ ഇതുവഴിയുണ്ടായിരുന്ന ബസ് സർവീസുകളും നിലച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സർവീസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.

കെ.എസ്.ആർ.ടി.സിയുടെ കോവൂർ ചാവർകോട് മുത്താന കല്ലമ്പലം സർവീസുണ്ടായിരുന്നു. എന്നാൽ റോഡിന്റെ അവസ്ഥ മോശമായതോടെ ഈ സർവീസും നിറുത്തിവച്ചു.സ്കൂൾ ബസുകളും മറ്റ് വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാണ് പോകുന്നത്. വിദ്യാർത്ഥികൾക്ക് സ്കൂളിലേക്കും കോളേജിലേക്കുമൊക്കെ ബസിൽ പോകാൻ കഴിയാതായിട്ട് വർഷങ്ങളായി.ഓട്ടോറിക്ഷകളും സവാരിക്ക് വിളിച്ചാൽ വരാറില്ല.

കെട്ടിടം വാതിൽക്കൽ - പാളയംകുന്ന്,ഏണാറുവിള - പനയറ എന്നീ ഇടറോഡുകളുടെ നവീകരണവും വണ്ടിപ്പുര - കോവൂർ റോഡിന്റെ പുനർ നിർമ്മാണത്തോടൊപ്പമാണ് പൊതുമരാമത്തു വകുപ്പ് പൂർത്തികരിക്കേണ്ടത്. പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമ്മാണം കരാർ ചെയ്തിട്ടുള്ളതിനാൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിനും റോഡ് നവീകരണത്തിൽ ഇടപെടാൻ കഴിയാത്ത സ്ഥിതിയാണ്.

അപകടം പതിവാകുന്നു

വെട്ടിപ്പൊളിച്ചിട്ട റോഡിൽ ടാറിംഗിനായി മെറ്റൽ കൂനകൂട്ടിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്. ഇരുചക്ര വാഹന യാത്രികർ തെന്നി വീണ് അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. സ്വകാര്യ വാഹനങ്ങൾക്കും യാത്രചെയ്യാൻ പ്രയാസം നേരിടുന്നുണ്ട്.പൊതുമരാമത്തു അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.