df

'മാർപു കവാലി, കോൺഗ്രസ് രാവാലി (മാറ്റം വേണം, കോൺഗ്രസ് വരണം) ഇതായിരുന്നു തെലങ്കാന തിരഞ്ഞടുപ്പിൽ കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യം. 10 വർഷത്തെ ബി.ആർ.എസ് ഭരണം മാറി കോൺഗ്രസ് അധികാരത്തിലെത്തി. കോൺഗ്രസ് പടത്തലവൻ രേവന്ത് റെഡ്ഡി കഴിഞ്ഞ ഡിസംബർ 7ന് മുഖ്യമന്ത്രിയായി അധികാരമേറ്റു. 19 സീറ്റ് മാത്രം ഉണ്ടായിരുന്ന, ഒരു വർഷം മുമ്പ് വരെ ബി.ജെ.പിക്കും പിന്നിലായിരുന്ന തെലങ്കാനയിലെ കോൺഗ്രസ് ആവേശകരമായ മുന്നേറ്റത്തിനൊടുവിലാണ് 119ൽ 64 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തത്. മാസം മൂന്നു മാത്രം കഴിയുമ്പോൾ കോൺഗ്രസിന്റെ പ്രഭാവത്തിന് മാറ്റമൊന്നുമില്ല.

പ്രഖ്യാപനങ്ങളിൽ പലതും നടപ്പിലാക്കി രേവന്ത് റെഡ്ഡി കരുക്കൾ നീക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടാണ്. പക്ഷെ, തമ്മിലടിയിൽ പൊറുതിമുട്ടിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ബി.ജെ.പിയിലും ബി.ആർ.എസിലും സ്ഥിതി ഭിന്നമല്ല. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർഗയാണ് കോൺഗ്രസിൽ പോർമുഖം തുറന്നത്. ഭാര്യ നന്ദിനിക്ക് ഖമ്മം സീറ്റാണ് പ്രധാന ആവശ്യം. വലിയ റാലിയും നയിച്ചെത്തിയാണ് നന്ദിനി കോൺഗ്രസ് നേതൃത്വത്തിന് മത്സരിക്കാൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഭട്ടി വിക്രമാർഗെ. മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചുവെങ്കിലും ലഭിച്ചത് ഉപമുഖ്യമന്ത്രിപദം.

കോൺഗ്രസ് കോട്ടകളിലൊന്നായ ഖമ്മം സീറ്റിനു വേണ്ടി എ.ഐ.സി.സി സെക്രട്ടറി വി.ഹനുമന്തറാവുവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ രേണുകാ ചൗധരിയും ഖമ്മം നോട്ടമിട്ടുവെങ്കിലും രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ആ അവകാശവാദം അവസാനിച്ചു. ഖമ്മത്തിൽ മത്സരിക്കാൻ സീറ്റുമോഹികളുടെ പട എത്തിയതോടെയാണ് സോണിയാഗാന്ധി അവിടെ മത്സരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദേശീയ നേതൃത്വത്തെ സമീപിച്ചത്. ദേശീയ നേതാക്കളെത്തിയാൽ ഇവിത്തെ തമ്മിലടി കുറയുമെന്ന കണക്കുകൂട്ടലാണ് രേവന്ത് റെഡ്ഡി സോണിയേയും രാഹുലിനേയും മത്സരിക്കാനായി ക്ഷണിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിൽ നിന്നും വിജയശാന്തിയെ കോൺഗ്രസിലേക്ക് തിരികെ എത്തിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയശാന്തി ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് താൽപര്യമുണ്ട്. വിജയസാദ്ധ്യതയുള്ള മണ്ഡലം വേണമെന്നാണ് വിജയശാന്തി പറയുന്നത്.

ബി.ജെ.പിയിൽ

സീറ്റുമോഹികളുടെ കലാപം

കഴിഞ്ഞ തവണ നാല് സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കൂടുതൽ കിട്ടുന്ന പ്രവണതയാണുള്ളത്. നിയമസഭാ തിര‌ഞ്ഞെടുപ്പിൽ 8 സീറ്റാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടക്കം കടക്കാത്തതിനു കാരണം ബി.ജെ.പിയിയിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു. സീറ്റ് നിർണ്ണയം ആരംഭിച്ചപ്പോൾ തന്നെ തർക്കങ്ങളും രൂക്ഷമായിടത്തുടങ്ങി.

നാല് എം.പിമാരിൽ ധർമ്മപുരി അരവിന്ദ് (നിസാമാബാദ്), ജി.കിഷൻ റെഡ്ഡി (സെക്കന്താരാബാദ്), ബന്ദി സഞ്ജയ് (കരിംനഗർ) എന്നിവർക്ക് അതേ സീറ്റുകൾ തന്നെ ലഭിക്കുമെന്നുറപ്പായി.

ആദിലാബാദ് എം.പിയായ സോയംബാപ്പുവിന് സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെ അദ്ദേഹം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീം ഫണ്ട് മകന്റെ വിവാഹത്തിനായി വകമാറ്റിയെന്ന ആരോപണം നേരിടുന്ന ബാപ്പുവിന് സീറ്റ് നൽകാനാകില്ലെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുൻ എം.പി രമേഷ് റത്തോഡ്, രജേഷ് ബാബു, ഡോ. നൈതം സുമലത എന്നിവരെയാണ് ആദിലാബാദിലേക്ക് പരിഗണിക്കുന്നത്.

മൽകാജ്ഗിരി സീറ്റുനുവേണ്ടിയും തർക്കം രൂക്ഷമാമ് കെ.വിശ്വേശ്വർ റെഡ്ഡിയ്ക്കാണ് മുൻഗണനെ. എന്നാൽ ബി.ആർ.എസിൽ നിന്നും ബി.ജെ.പിയിലെത്തിയ ഏട്ടല രാജേന്ദ്രൻ മൽകാജ്ഗിരിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗജ്‌വേൽ, ഹുസുറാബാദ് മണ്ഡലങ്ങളിൽ നിന്ന് എടല രജേന്ദർ മത്സരിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു.

മുതിർന്ന നേതാവ് മുരളീധർ റാവുവും ഈ സീറ്റ് മോഹിയാണ്. എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസിക്കെതിരെ ഹൈദാരാബാദിൽ മത്സരിക്കാൻ ഗോഷാമഹൽ എം.എൽ.എ രാജാ സിംഗിനോട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു.

ചന്ദ്രശേഖര റാവു

മത്സരിക്കുമോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ അടിതെറ്റിയ ബി.ആർ.എസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ നിലനിറുത്താനുള്ള കഠിനശ്രമത്തിലാണ്. തിരഞ്ഞെടുപ്പിനു ശേഷം കെ. ചന്ദ്രശേഖരറാവു വീഴ്ചയിൽ ഇടുപ്പെല്ലു പൊട്ടി ആശുപത്രിയിലായിരുന്നു. മകൻ കെ.ടി. രാമറാവുമാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ 9 സീറ്റിൽ ബി.ആർ.എസ് വിജയിച്ചിരുന്നു. എന്നാൽ കെ.സി.ആറിന്റെ മകൾ കെ. കവിത നിസാമാബാദിൽ പരാജയപ്പെട്ടു.

ദേശീയപാർട്ടിയുന്നതിന്റെ ഭാഗമായാണ് ടി.ആർ.എസ് എന്ന പാർട്ടിയുടെ പേര് ബി.ആർ.എസ് എന്നാക്കിയത്.

ഭരണം നഷ്ടപ്പെട്ട നിലയ്ക്ക് കെ. ചന്ദ്രശേഖർ റാവുവിനെ ലോക്‌സഭയിൽ മത്സരിപ്പിക്കമമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കിടയിലുണ്ട്. പക്ഷെ, അദ്ദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ല. നിയമസഭയിൽ പോലും വരതെ ഫാംഹൗസിൽ അടച്ചിരുന്ന ഭീരുവെന്നാണ് കെ.സി.ആറിനെതിരായി കോൺഗ്രസ് ഉന്നയിച്ചിരുന്ന പ്രധാന ആക്ഷേപം. ബി.ജെ.പിയും ബി.ആർ.എസും തമ്മിൽ ധാരണയിലാണെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു കെ.സി.ആറിന്റെ മകൾ കെ. കവിതയ്ക്കെതിരായ കേസിൽ ഇ.ഡി പിന്നാക്കം പോയത് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്തായാലും സുരക്ഷിതമായ മണ്ഡലത്തിൽ നിന്നും ഇത്തവണ വീണ്ടു മത്സരിക്കാനാണ് കവിത ആഗ്രഹിക്കുന്നത്.

കക്ഷിനില

തെലങ്കാന

2019

ബി.ആർ.എസ് 9

ബി.ജെ.പി 4

കോൺഗ്രസ് 3

എ.ഐ.എം.ഐ.എം 1

2014

ബി.ആർ.എസ് 11

ബി.ജെ.പി 01

കോൺഗ്രസ് 02

ടി.ഡി.പി 01

വൈ.എസ്.ആർ.സി.പി 01

എ.ഐ.എം.ഐ.എം 01