വിതുര: വേനൽക്കാലം ആരംഭിച്ചപ്പോൾത്തന്നെ മിക്ക പഞ്ചായത്തിലെയും ഉയർന്ന പ്രദേശങ്ങൾ കുടിവെള്ളക്ഷാമത്തിലേക്ക് കൂപ്പുകുത്തി. ഉയർന്ന പ്രദേശത്തെ കിണറുകൾ മിക്കതും വറ്റി, ജലശ്രോതസുകൾ നീർച്ചാലുകളായി. കുംഭച്ചൂടിന്റെ കാഠിന്യം മൂലം വിതുര, തൊളിക്കോട് പഞ്ചായത്തുകൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ്. നദികളിലെ ജലനിരപ്പും അനുദിനം താഴുകയാണ്. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിൽ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. ഡിസംമ്പറിൽ വേനൽമഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം വിതുര മേഖലയിൽ നേരിയതോതിൽ വേനൽമഴ പെയ്തിരുന്നു. തുലാവർഷവും ഇക്കുറി വേണ്ട രീതിയിൽ പെയ്തില്ല. മാർച്ച് മാസത്തിൽ മഴ പെയ്തില്ലെങ്കിൽ രൂക്ഷമായ കുടിവെള്ളപ്രശ്നമുണ്ടാകാനാണ് സാദ്ധ്യത. കഠിനമായ വേനൽച്ചൂടിനെ തുടർന്ന് കൃഷികൾ ഉണങ്ങി നശിച്ചുതുടങ്ങി. വാഴ, പച്ചക്കറി കൃഷികളാണ് വ്യാപകമായി നശിച്ചത്.

പൈപ്പ്പൊട്ടൽ തുടർക്കഥ

ജനം കുടിനീരിനായി പരക്കം പായുമ്പോൾ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. വിതുര പഞ്ചായത്തിലെ ആശുപത്രി ജംഗ്ഷൻ കോട്ടിയത്തറ, കൊപ്പം, ശിവൻകോവിൽ ജംഗ്ഷൻ, ആനപ്പാറ, ചായം, ചെറ്റച്ചൽ, കലുങ്ക് ജംഗ്ഷൻ, തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ആനപ്പെട്ടി, തൊളിക്കോട് പനയ്ക്കോട് മേഖലകളിലാണ് പൈപ്പ് പൊട്ടൽ പതിവാകുന്നത്. കാലപ്പഴക്കം മൂലമാണ് പൈപ്പുകൾ നിരന്തരം പൊട്ടുന്നതെന്നാണ് പറയുന്നത്. മാത്രമല്ല പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴായി ഒഴുകിയാലും നിശ്ചിതസമയത്ത് നന്നാക്കാൻ വാട്ടർ അതോറിട്ടി നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

നദികൾ മാലിന്യമയം

സാധാരണവേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുമ്പോൾ നാട്ടുകാർ കുടിനീരിനായി നദികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇക്കുറി അത് നടക്കില്ല. നിലവിൽ നദികളിലെ നീരൊഴുക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല മിക്ക നദികളിലും മാലിന്യം കുന്നുകൂടിക്കഴി‌ഞ്ഞു. നദികളിൽ മാലിന്യനിക്ഷേപം അതിരൂക്ഷമാണ്. അറവുശാലകളിൽ നിന്നുള്ള വേസ്റ്റുകളും മറ്റ് മാലിന്യങ്ങളും വൻതോതിൽ വാമനപുരം നദിയിൽ നിക്ഷേപിക്കുന്നുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക മേഖലകളിലും മാലിന്യം ഒഴുകിനടക്കുന്നത് ദൃശ്യമാണ്. മാലിന്യനിക്ഷേപം രൂക്ഷമായ മേഖലകളിൽ വെള്ളത്തിന്റെ നിറവും മാറുന്നുണ്ട്.

ജലവിതരണം മുടങ്ങുന്നു

രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനിടയിൽ വിതുര പഞ്ചായത്തിൽ ജലവിതരണം മുടങ്ങുന്നതും പതിവാകുകയാണ്. വിതുര ചന്തമുക്ക് മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയാണ് പൈപ്പ് ജലവിതരണം തടസപ്പെട്ടത്. ജലവിതരണം അടിക്കടി മുടങ്ങുതുമൂലം കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ശുദ്ധജലവിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചന്തമുക്ക്, കെ.പി.എസ്.എം ജംഗ്ഷൻ, പോറ്റിക്കുന്ന് നിവാസികൾ.