palavila-ups

ചിറയിൻകീഴ്: പാലവിള ഗവ. യു.പി.എസിന് നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പുതിയ കളിസ്ഥലം ഒരുങ്ങുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂൾ കൂടിയായ ഇവിടുത്തെ കളിസ്ഥലത്തിന്റെ പരിമിതിയാണ് ഇത്തരത്തിലൊരു വേറിട്ട ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. ഇതിനായി സ്കൂളിന് സമീപത്തെ പുരയിടം പൊതുജന കൂട്ടായ്മയിൽ 30 ലക്ഷം രൂപ സ്വരൂപിച്ചു വാങ്ങിക്കാനാണ് പദ്ധതി. യു.പി, എൽ.പി വിഭാഗങ്ങളിലായി 1432 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അക്കാഡമിക് നിലവാരം മികച്ചതായതിനാൽ ഓരോ അദ്ധ്യയന വർഷങ്ങളിലും പുതിയ അഡ്മിഷനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. ഓരോ ക്ലാസിലും 4 ഡിവിഷനുകളാണ് നിലവിലുള്ളത്. ഇത്രയും കുട്ടികൾക്ക് സ്വതന്ത്രമായി കളിക്കുന്നതിന് ഒരു കളിസ്ഥലം ഇല്ലായെന്നുള്ള രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. എം.എൽ.എ ഫണ്ടുപയോഗിച്ച് സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൂടി പൂർത്തിയാകുന്നതോടെ ആ പഴയ മന്ദിരം പൊളിച്ച് ആ സ്ഥലം കൂടി ഉപയോഗപ്രദമാക്കാമെന്ന കണക്കുകൂട്ടലുമുണ്ട് അധികൃതർക്ക്.