kaikapension

ആറ്റിങ്ങൽ: സംസ്ഥാനത്തെ പ്രമുഖരായ മുൻ കായിക താരങ്ങൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷനായ 1300 രൂപ കായിക മേഖലയ്ക്ക് തന്നെ അപമാനകരണമാണെന്ന് റീജിയണൽസ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ചെയർമാൻ അഡ്വ.ജി.സുഗുണൻ അഭിപ്രായപ്പെട്ടു. റീജിയണൽ സ്പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെയും ആറ്റിങ്ങൽ ഗവ.കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ.കോളേജിൽ സംഘടിപ്പിച്ച സ്പോർട്സ് മെരിറ്റ് അവാർഡ് ഇവനിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്സ് അവാർഡ് ഇവനിംഗ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ്-വർക്കല താലൂക്കുകളിലെ പ്രമുഖരായ 12 മുൻകായിക താരങ്ങൾക്ക് മൊമന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. സംസ്ഥാന ദേശീയ- അന്തർദേശീയ കായിക മത്സരങ്ങളിൽ വിജയികളായ 11 കോളേജ് വിദ്യാർത്ഥികൾക്കും 15 സ്കൂ‌ൾ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ, ആറ്റിങ്ങൽ മുൻസിപ്പൾ വൈസ്. ചെയർമാൻ തുളസീധരൻ പിള്ള,​ ആറ്റിങ്ങൽ ഗവ.കോളേജ് പ്രിൻസിപ്പൾ ഡോ.മുഹമ്മദ് ആരീഫ്, റീജിയണൽ സ്പോർട്സ് അസോ.സെക്രട്ടറി എം.നാസർ, വൈസ്.പ്രസിഡന്റ് ഡോ.എസ്.എസ് ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. റീജിയണൽ സ്പോർട്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വി.ഷാജി സ്വാഗതവും ആറ്റിങ്ങൽ ഗവ.കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ എച്ച്.എസ്.ഡി വി.ടി. അരുൺദേവ് നന്ദിയും രേഖപ്പെടുത്തി.