1

പൂവാർ: ജീവനക്കാരുടെ ആഭാവം കാരണം തീരദേശ മേഖലയുടെ ആശ്രയ കേന്ദ്രമായ പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. പലപ്പോഴും ഡോക്ടറുടെ സേവനം കിട്ടാറില്ല. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. എക്സറേ, ലാബ് സൗകര്യങ്ങളും അപര്യാപ്തമാണ്. ഫാർമസിയുടെ പ്രവർത്തനവും ക്ലീനിംഗും തൃപ്തികരമല്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതർ. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തീരദേശത്തിനായി തുടക്കംകുറിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം നടന്നതല്ലാതെ നിരത്തിലിറങ്ങിയില്ല. ഇതിനായി വാങ്ങിയ വാഹനം ഇപ്പോൾ കാണാനുമില്ല. ജനസാന്ദ്രത കൂടിയ കരുംകുളം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് സാധാരണമാണ്. കടുത്ത ചൂടിൽ കടലിൽ പോകുന്നവർ വെറുംകൈയോടെ മടങ്ങിവരുന്ന അവസ്ഥയിൽ ചികിത്സയ്ക്ക് പോലും പണമില്ലാതെ തീരദേശവാസികൾ നെട്ടോട്ടമോടുകയാണ്.

 ജീവനക്കാരും പ്രതിസന്ധിയിൽ

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് 25 ബെഡാണുള്ളത്. പ്രതിദിനം 200 ഓളം പുതിയ ഒ.പിയും 250 ഓളം പഴയ ഒ.പിയുമടക്കം ശരാശരി 500ഓളം പേരാണ് ചികിത്സയ്ക്കായി എത്തുന്നത്. കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. നിലവിൽ 6 ഡോക്ടർമാരുടെ സേവനമാണ് ഇപ്പോഴുള്ളത്. ഇവരിൽ ആരെങ്കിലുമൊരാൾ ലീവായാൽ കാര്യങ്ങൾ തലകീഴ്മറിയും.

 വീർപ്പുമുട്ടി പ്രവർത്തനം

പലപ്പോഴും വൈകുന്നേരങ്ങളിൽ ഡോക്ടറുടെ സേവനം ഉണ്ടാകാറില്ല. അപ്രതീക്ഷിതമായി ഡോക്ടർ ഇല്ലാതെവരുമ്പോൾ ജീവനക്കാരും രോഗികളും തമ്മിൽ വാക്കേറ്റമുണ്ടാകും. 2009 ൽ ആരോഗ്യ വകുപ്പ് നിർമ്മിച്ച ഒ.പി മന്ദിരം, വിശ്രമകേന്ദ്രം, പാർക്കിംഗ്‌ ഇവയെല്ലാം ഇടിച്ചുമാറ്റി പുതുക്കിപ്പണിതിട്ടുണ്ട്. അവിടെയാണ് എക്സറേ സ്ഥാപിക്കാൻ പോകുന്നതും. കെട്ടിടങ്ങളുടെ അപര്യാപ്തതയും ആരോഗ്യ കേന്ദ്രത്തെ വീർപ്പുമുട്ടിക്കുന്നു.

 5 നഴ്സുമാരാണ് ആകെയുള്ളത്. ഇതിൽ 4 പേർ എൻ.ആർ.എച്ച്.എം വഴിയുള്ളവരും ഒരാൾ ഡി.എം.ഒ പോസ്റ്റും. പി.എസ്.സി. വഴിയുള്ള ഒരാൾ പോലുമില്ലെന്നത് ശ്രദ്ധേയമാണ്.

 2 നഴ്സിംഗ് അസിസ്റ്റന്റുമാരും 2 അറ്റന്റർമാരുമാണ് കൂടെയുള്ളത്. 2 ജീവനക്കാരുള്ള ഫാർമസി 4 മണി വരെ മാത്രമേ പ്രവർത്തനമുള്ളൂ. അതുകഴിഞ്ഞുള്ള മരുന്ന് വിതരണവും നഴ്സുമാരുടെ ചുമതലയാണ്.

ക്ലീനിംഗ് സെക്ഷനിൽ 5 ജീവനക്കാരാണ് ആകെയുള്ളത്. ഇതിലൊരാൾ പാർട്ട്ടൈമാണ്. എല്ലാ സെക്ഷനിലെയും ജീവനക്കാർ അധിക ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു

ഇപ്പോഴുള്ളതിനേക്കാൾ 1 ഡോക്ടറും, 2 നഴ്‌സും, 2 ക്ലീറാംഗ്സ്റ്റാഫും, 1ഫാർമസിസ്റ്റും കൂടെ കിട്ടിയാൽ മാത്രമേ ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ കഴിയൂ