
ഇത് ചേന്തിയുടെ സ്നേഹമാതൃക
തിരുവനന്തപുരം:ചുറ്രുവട്ടത്തുള്ള ലോട്ടറി കച്ചവടക്കാരും ശുചീകരണ തൊഴിലാളികളും ഉച്ചയ്ക്ക് പട്ടിണിയാണെന്ന് അറിഞ്ഞപ്പോൾ ശ്രീകാര്യം ചേന്തി നിവാസികളുടെ ഉള്ളുലഞ്ഞു.തങ്ങളുടെ പ്രദേശത്ത് വിശന്നിരിക്കുന്നവർ ഉണ്ടാവരുതെന്ന നിർബന്ധത്തിൽ ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു.പ്രദേശത്തെ കുടുംബങ്ങളിൽ നിന്ന് ഒരുദിവസം 50 പൊതിച്ചോർ ശേഖരിച്ച് ചേന്തി ജംഗ്ഷനിൽ സ്ഥാപിച്ച ഷെൽഫിൽ വയ്ക്കും.ആർക്കു വേണമെങ്കിലും പൊതിയെടുക്കാം.തികച്ചും സൗജന്യം.ദിവസവും വിഭവസമൃദ്ധം ആകണമെന്നില്ല.സ്നേഹത്തോടെ പാചകം ചെയ്യുന്നതിന്റെ ഒരു പങ്കാണ് വീട്ടുകാർ നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ പറഞ്ഞു.ഒരുമാസമായി മുടങ്ങാതെ 'അന്നം പുണ്യം' പദ്ധതി മുന്നോട്ടുപോകുന്നുണ്ട്. ഊഴമനുസരിച്ച് ഒരു വീട്ടിൽ നിന്ന് ആഴ്ചയിൽ ഒരു പൊതി ശേഖരിക്കും.ഇങ്ങനെ ഒരുവീട്ടിൽ നിന്ന് മാസത്തിൽ നാലു പൊതിച്ചോറ്.ഒന്നിലധികം പൊതിച്ചോർ നൽകുന്ന കുടുംബങ്ങളുമുണ്ട്.ആകെ 500 കുടുംബങ്ങളാണുള്ളത്.ഇതിൽ പകുതിയിലേറെ കുടുംബങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.ജംഗ്ഷന് തൊട്ടടുത്ത് അസോസിയേഷൻ നിർമ്മിച്ച കെട്ടിടത്തിൽ വീടുകളിൽ നിന്ന് ശേഖരിച്ച 100ലേറെ പുസ്തകങ്ങളുണ്ട്.രാത്രി 9 വരെ കുട്ടികൾക്ക് സൗജന്യമായി ഇരുന്ന് വായിക്കാം.വൈഫൈയും ടി.വിയും ലഭ്യമാക്കിയതോടെ മുതിർന്നവരും എത്താറുണ്ട്.ഏറുമാടത്തിന്റെ മാതൃകയിൽ കെട്ടിടം ഒരുക്കിയതിനാൽ കുട്ടികൾക്ക് കൗതുകവുമുണ്ട്.
പൂങ്കാവനവും ഒരുക്കി
അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ മാലിന്യം നീക്കി മതിലുകളിൽ ചുമർചിത്രങ്ങൾ വരച്ചു. പൂന്തോട്ടങ്ങൾ ഒരുക്കി.ചേന്തി നിവാസികൾ ആരും പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കില്ല.സി.സി.ടി.വി സൗകര്യവുമുണ്ട്.മാരകരോഗം ബാധിച്ചവരുടെ ചികിത്സയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനവും അസോസിയേഷൻ ഏറ്റെടുത്ത് നടത്തുന്നുണ്ട്.അലങ്കാരമത്സ്യ കൃഷിയിലൂടെയും മട്ടുപ്പാവ് കൃഷിയിലൂടെയും ലഭിക്കുന്ന വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.വഴിയോരത്ത് വെയിലുകൊള്ളാതെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഉടൻ സജ്ജമാക്കും.