v-d

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഹോസ്റ്റൽ ഡീനിനെ പ്രതിചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സംഭവം മൂടിവയ്‌ക്കാനും പ്രതികളെ രക്ഷിക്കാനും ഡീനും സി.പി.എം അനുകൂല സംഘടനയിലെ അദ്ധ്യാപകരും ശ്രമിച്ചിരുന്നു. ഇവരെ സർവീസിൽ നിന്ന് മാറ്റിനിറുത്തി അന്വേഷിക്കണം. ക്യാമ്പസുകളിലെ ക്രിമിനലുകളെ ഒതുക്കിയില്ലെങ്കിൽ യു.ഡി.എഫും വിദ്യാർത്ഥി യുവജന സംഘടനകളും സമരം ആരംഭിക്കും.

പ്രതികളെ രക്ഷിക്കാനാണ് സി.പി.എം ശ്രമം. മകനെ കൊന്ന് കെട്ടിത്തൂക്കിയത് എസ്.എഫ്.ഐക്കാരാണെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടും വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ഹോസ്റ്റലിന്റെ നടുത്തളത്തിൽ 130 വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ നടന്ന അക്രമം വാർഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. സംഭവം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് ഡീൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് ക്രിമിനലുകൾക്ക് പിന്തുണ നൽകുന്നത്. എറണാകുളത്തെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ട് പോയി ലാ കോളേജ് ഹോസ്റ്റലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതിയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് എസ്.എഫ്.ഐ നേതൃസ്ഥാനത്തുള്ളത്.

 പെൻഷൻ നൽകിയില്ലെങ്കിൽ സമരം

സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാതെ ശാസ്താംകോട്ടയിൽ അതീവ ദരിദ്രരുടെ ലിസ്റ്റിൽപ്പെട്ട വൃദ്ധ ആത്മഹത്യ ചെയ്തിരുന്നു. പെൻഷൻ നൽകിയില്ലെങ്കിൽ യു.ഡി.എഫ് സമരം തുടങ്ങും. ഒരു രേഖയുമില്ലാതെയാണ് ചില സ്ഥാനാർത്ഥികൾ ദുർബലരെന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സുനിൽകനഗോലുവിന്റേതായി അങ്ങനെയൊരു റിപ്പോർട്ടില്ല. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും കാണാത്ത റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് എവിടെ നിന്ന് കിട്ടി. സിറ്റിംഗ് എം.പിമാർക്കെതിരായ പ്രചാരണത്തിൽ നിന്ന് മാദ്ധ്യമങ്ങൾ പിൻമാറണം. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സതീശൻ പറഞ്ഞു.