ഉദ്ഘാടനം 5ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ട്രാഫിക്ക് നിയന്ത്രണം, സി.സി ടിവി ക്യാമറകളുടെ നിരീക്ഷണം, ദുരന്ത നിവാരണം എന്നിവ ഒരു കുടക്കീഴിലാക്കുന്ന സംവിധാനമായ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രാൾ, ​പാളയം മാർക്കറ്റിലെ പുനരധിവാസ ബ്ളോക്ക് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് പദ്ധതികൾ 5ന് നാടിന് സമർപ്പിക്കും. എല്ലാ പദ്ധതികളുടെയും ഉദ്ഘാ‌ടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എം.ബി.രാജേഷ്,വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പാളയത്തെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം,മുട്ടത്തറയിലെ ഫെസിലിറ്റേഷൻ സെന്റർ, നഗരത്തിലെ 40 സ്മാർട്ട് സ്കൂളുകൾ എന്നിവയാണ് അന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ.

ഇന്റഗേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രം

വീഡിയോ വാൾ റൂം, വാർ റൂം,ഹെല്പ് ഡെസ്‌ക്,വർക്ക് ഏരിയാകൾ,മീറ്റിംഗ് റൂമുകൾ എന്നിവയുണ്ടായിരിക്കും. 858.45 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്.പദ്ധതി പ്രകാരം, സേവന വിതരണ കാര്യക്ഷമത മെച്ചപ്പെടുത്തിക്കൊണ്ട്, തത്സമയ നിരീക്ഷണം പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംയോജിത സംവിധാനമാണിത്. 94 കോടി രൂപയാണ് പദ്ധതിച്ചെലവ്.പൊലീസ്,സിവിൽ സപ്ലൈസ്,റവന്യൂ,ആരോഗ്യം,അഗ്നിശമനസേന തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരൊറ്റ പോയിന്റായി ഐ.സി.സി.സിയിലെ കൺട്രോൾ റൂമുകൾ അല്ലെങ്കിൽ വാർ റൂമുകൾ പ്രവർത്തിക്കും.

പാളയത്തെ പുനരധിവാസം 10ന് ആരംഭിക്കും

5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കച്ചവടക്കാർക്കുള്ള പുനരധിവാസ ബ്ളോക്കിലേക്ക് 10ന് കച്ചവടക്കാരെ മാറ്റി പാർപ്പിക്കും. നിർമ്മാണം പൂർത്തിയായ രണ്ട് ബ്ളോക്കിലേക്കാണ് കച്ചവടക്കാരെ മാറ്റുന്നത്. നിർമ്മാണം അവസാനഘട്ടത്തിലുള്ള മൂന്നാമത്തെ ബ്ളോക്കിലേക്ക് ഒരു മാസത്തിനകം കച്ചവടക്കാരെ മാറ്റും. മാർക്കറ്റിന് പിന്നിൽ ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 5990 ചതുരശ്രയടിയിൽ നിർമ്മിച്ച മൂന്ന് ബ്ലോക്കുകളിലായി 334ഓളം കച്ചവടക്കാർക്കാണ് സൗകര്യം. ഒന്നാമത്തെ ബ്ലോക്കിൽ 205 കടകളും രണ്ടാമത്തെ ബ്ലോക്കിൽ 95 കടകളും നഗരസഭയുടേതാണ്. രണ്ടാമത്തെ ബ്ളോക്കിൽ ട്രിഡയ്‌ക്ക് 11 കടകളുണ്ട്. മൂന്നാമത്തെ ബ്ലോക്കിൽ ട്രിഡയുടെ 33 കടകളും മത്സ്യസ്റ്റാളുകളും നിർമ്മിച്ചിട്ടുണ്ട്.16 കോടിയാണ് നിർമ്മാണച്ചെലവ്. ജൂണിൽ പാളയം മാർക്കറ്റിന്റെ നവീകരണം ആരംഭിക്കും.

പാളയം മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം

പാളയം സാഫല്യം കോംപ്ലക്സിൽ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയായി. ഏപ്രിൽ അവസാനവാരം കേന്ദ്രം പൂർണമായി സജ്ജമാകും. നിർമ്മാണം പൂർത്തിയായശേഷം പാർക്കിംഗ് നിരക്കുകൾ നിശ്ചയിക്കും. തിരുവനന്തപുരം വികസന അതോറിട്ടിയാണ് (ട്രിഡ) മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ ഉടമസ്ഥർ.

568 കാറുകളും 200ലധികം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം.