തിരുവനന്തപുരം:അഞ്ച് വയസിന് താഴെയുള്ള 2,04,183 ലക്ഷം കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായി ജില്ലയിൽ 2,105 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ,അങ്കണവാടികൾ,സ്‌കൂളുകൾ,വായനശാലകൾ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്‌റ്റേഷനുകൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ,ക്യാമ്പുകൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 29 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ച് 3ന് തുള്ളിമരുന്ന് വിതരണം ചെയ്യും.രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.റെയിൽവേ സ്റ്റേഷനുകൾ,ബസ് സ്റ്റാൻഡുകൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.എന്തെങ്കിലും കാരണത്താൽ 3ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് മാർച്ച് 4, 5 തീയതികളിൽ ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും.അഞ്ചു വയസിൽ താഴെയുള്ള 1370 ഓളം അതിഥി തൊഴിലാളികളുടെ കുട്ടികളാണ് ജില്ലയിലുള്ളത്.