
കിളിമാനൂർ: കർമ്മനിരതനായി മുന്നോട്ടു പോകവെ ചെവി പൊട്ടുന്ന ശബ്ദം. ആ മാത്രയിൽ ശരീരമാകെ വെടിയുണ്ടച്ചീളുകൾ തുരു തുരെ തുളച്ചുകയറി. ചുറ്റും രക്തം തളം കെട്ടിക്കിടന്നു. ഒരു സൈനികൻ നേരിട്ട ജീവിത യാഥാർത്ഥ്യമാണിത്. സൈനിക സേവന യാത്രയ്ക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവവും ശരീരത്തിൽ തുളച്ചുകയറിയ മൈനിന്റെ ചീളുകളും പേറി ഒരു സൈനികൻ കിളിമാനൂരിലുണ്ട്. ഉയിരെടുക്കാൻ വന്ന ഉഗ്രസ്ഫോടനത്തെ ഉൾക്കരുത്തു കൊണ്ട് അതിജീവിച്ച കിളിമാനൂർ കുന്നുമ്മൽ അമൃത നിവാസിൽ ജെ.തുളസീധരൻ. പാതി മുറിയാതെ പറഞ്ഞുപോകുന്ന വാക്കുകൾക്കിടയിൽ പറയുന്നുണ്ട്, മനക്കരുത്തില്ലായിരുന്നെങ്കിൽ മരണം അന്നെന്നെ കീഴ്പ്പെടുത്തുമായിരുന്നു. 36 വർഷം മുൻപ് എൽ.ടി.ടി.ഇ ഉഗ്രവാദികൾ സൈനികരുടെ ജീവനെടുക്കാനായിരുന്നു ഒരു മൈൽ സ്ഫോടനം സൃഷ്ടിച്ചത്. 1987ലാണ് തുളസീധരൻ സൈനിക സംഘത്തിൽ അംഗമാവുന്നത്. 1988 ആഗസ്റ്റ് 22നാണ് തുളസീധരനെന്ന ധീര സൈനികൻ മരണത്തെ മുഖാമുഖം കാണുന്നത്. ഹെലിപ്പാടിൽ നിന്നു വാഹനവുമായി മുന്നോട്ടു നീങ്ങുമ്പോഴാണ് ഉഗ്രസ്ഫോടന ശബ്ദം കേൾക്കുന്നത്. പിന്നെ താമസിച്ചില്ല, കുഴിബോംബ് പൊട്ടി നിമിഷവേഗത്തിൽ ശരീരമാകെ മൈൻ തറച്ചുകയറി. 33 വെടിയുണ്ടകൾ. 34 വർഷം മുൻപാണ് സംഭവം നടന്നതെങ്കിലും ഇന്നലെ നടന്നപോലെ തുളസീധരൻ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ആറു പേരടങ്ങുന്ന സംഘം ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങവെ ശ്രീലങ്കയിലെ കിളിനോച്ചി സെക്ടറിൽ വെണ്ണരികുളമെന്ന വനപ്രദേശത്തുവച്ചാണ് മൈൻ സ്പോടനം ഉണ്ടായത്. സംഘത്തിലെ ഏക മലയാളിയായിരുന്നു തുളസീധരൻ. പൂനെ സൈനിക ആശുപത്രിയിലെയും ലക്നൗ കമാൻഡോ ആശുപത്രിയിലെയും ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തുളസീധരന്റെ മനക്കരുത്തിനു മുന്നിൽ മരണം തോറ്റുമടങ്ങിയെന്ന് സാരം. 10 ലേറെ മൈനുകളിപ്പോഴും തുളസീധരന്റെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലായുണ്ട്. ഇവയെ നീക്കംചെയ്താൽ ശരീരത്തിന് ബലക്ഷയമുണ്ടാകുമെന്നതിനാൽ സ്ഫോടനത്തിന്റെ ശേഷിപ്പെന്നോണം അതുമായി മുന്നോട്ടുപോകുന്നു. ഭാര്യ എസ്. ഉഷാകുമാരി, മക്കൾ : അമൃത, അതുല്യ.