
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയാൽ സർവകലാശാലകളുടെ സ്വയം ഭരണം ഇല്ലാതാവുമെന്നും സർക്കാരിന്റെ അതിരു വിട്ട ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും ഗവർണർ രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടപ്പോഴാണ് ഇക്കാര്യങ്ങൾ രേഖാമൂലം അറിയിച്ചത്. ഇതു കൂടി പരിഗണിച്ചാണ് 3ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. എന്നാൽ ഗവർണറുടെ എതിർപ്പ് തള്ളിയാണ് ലോകായുക്ത ഭേദഗതി അംഗീകരിച്ചത്.
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്രെടുത്ത ബില്ലിനാണ് ഏറ്റവും വിമർശനം. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയിൽ കുറയാത്ത ജുഡീഷ്യൽ ഓഫീസറായിരിക്കണം യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നാണ് നിലവിലെ ചട്ടം. ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്നവരെയും ജില്ലാ ജഡ്ജിയിൽ കുറഞ്ഞ റാങ്കുള്ളവരെയും ട്രൈബ്യൂണലായി സർക്കാരിന് നിയമിക്കാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണൽ നിയമനം സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ സെർച്ച് കമ്മിറ്രിയിലെ ഭൂരിഭാഗം അംഗങ്ങൾ നിർദ്ദേശിക്കുന്നതായിരിക്കണമെന്ന ഭേദഗതിയും യു.ജി.സി മാർഗനിർദ്ദേശത്തിന് വിരുദ്ധമാണ്. ബില്ലിന്റെ ലക്ഷ്യം സർവകലാശാലകളുടെ സ്വയംഭരണം വെട്ടിച്ചുരുക്കുക എന്നതാണ്. ബില്ലിലെ ഭേദഗതികൾ സെർച്ച് കമ്മിറ്റി അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തടയുന്നതാണ്. കമ്മിറ്റിയിലെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളുടെ പ്രസക്തി ഇല്ലാതാവും.
സർവകലാശാലാ നിയമഭേദഗതി (2, 3 ബില്ലുകൾ) യൂണിവേഴ്സിറ്റികളുടെ സ്വയംഭരണം ഇല്ലാതാക്കാനുദ്ദേശിച്ചുള്ളതാണ്. ഗവർണർക്കു പകരം സ്വകാര്യ വ്യക്തിയെ ചാൻസലറാക്കുന്ന ബിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായതിനാൽ ധന ബില്ലായി കൊണ്ടുവരേണ്ടതായിരുന്നു. ബില്ലുകൾ സർവകലാശാലകളുടെ സ്വയംഭരണം തകർക്കും. സർക്കാരിനെ ആശ്രയിക്കേണ്ട ചാൻസലർമാർ വരുന്നതോടെ ചാൻസലറുടെ സ്വയം ഭരണാധികാരവും ഇല്ലാതാവും.
4 ബില്ലുകൾ സർക്കാരിന്
തിരികെ നൽകി ഗവർണർ
തിരുവനന്തപുരം: രാഷ്ട്രപതി അനുമതി നൽകിയ ലോകായുക്ത ഭേദഗതി ബിൽ, അനുമതി നിരാകരിച്ച 3 യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾ എന്നിവ മുഖ്യമന്ത്രിക്ക് തിരികെ നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗവർണറുടെ ചാൻസലർ സ്ഥാനമൊഴിവാക്കാനുള്ള ഭേദഗതി, അഞ്ചംഗ സെർച്ച്കമ്മിറ്റിക്കുള്ള ഭേദഗതി, അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാരിന് നിയമിക്കാനുള്ള ഭേദഗതി എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങൾ സഹിതമാണ് ബില്ലുകൾ തിരികെ നൽകിയത്. രാഷ്ട്രപതി ഒപ്പിട്ട ലോകായുക്ത ഭേദഗതി ബിൽ ഇനി ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. രാഷ്ട്രപതിയുടെ പേരിൽ ചീഫ് സെക്രട്ടറിയോ ആഭ്യന്തര സെക്രട്ടറിയോ ആവും വിജ്ഞാപനമിറക്കുക. രാഷ്ട്രപതി അനുമതി നൽകിയതായി നിയമസഭയെ അറിയിക്കുകയും വേണം. അടുത്ത സമ്മേളനത്തിൽ സ്പീക്കർ ഇക്കാര്യം സഭയെ അറിയിക്കും.