food-poison

വർക്കല: വർക്കലയിൽ 60പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.വർക്കല ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി ഭക്ഷണം പാഴ്സൽ വാങ്ങിയവരും ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവരുമാണ് ഇന്നലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.വർക്കലയിൽ 50 പേരും ചിറയിൻകീഴിൽ 10 പേരും വിവിധാശുപത്രികളിലായി ചികിത്സയിലാണ്.

ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 36 പേരാണ് ചികിത്സ തേടിയിട്ടുള്ളത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി,വർക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാലുപേർ വീതവും,ന്യൂ മംഗള ആശുപത്രിയിൽ ആറുപേരും ചികിത്സ തേടി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 10 ഓളം പേർ ചികിത്സയിലാണ്.

അൽഫാം,കുഴിമന്തി,ഷവർമ്മ,ചിക്കൻ ന്യൂഡിൽസ് എന്നീ ഭക്ഷണങ്ങളിൽ നിന്നുമാണ് വിഷബാധയേറ്റത്.ഇന്നലെ രാവിലെ 11ഓടെ ആശുപത്രികളിൽ തുടരെത്തുടരെ ആളുകൾ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചിയും അരച്ചു തയ്യാറാക്കിയിട്ടുള്ള പഴകിയ മസാലയും പഴകിയ എണ്ണയും ഉൾപ്പെടെ ഹോട്ടലിൽ നിന്ന് കണ്ടെടുത്തു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.നിരോധിത കളർ ഫ്ലേവറുകളും പിടികൂടിയിട്ടുണ്ട്.പഴകിയ ചിക്കനിലോ മയോണൈസിലോ നിന്നാകാം വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടൽ പൂട്ടി സീൽ വച്ചു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.അഡ്വ.വി.ജോയി എം.എൽ.എ ശിവഗിരി എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദർശിച്ചു.