
തിരുവനന്തപുരം: പടുകൂറ്റൻ പൈപ്പുകൾ ഇറക്കി ആനയറ മഹാരാജാസ് ഗാർഡൻസിലെ ജനങ്ങളെ വീട്ടിൽ ബന്ദികളാക്കുകയും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സ്വീവേജ് ലൈൻ പണി തിങ്കളാഴ്ച പുനരാരംഭിക്കും. കഴിഞ്ഞ വർഷം മേയിൽ തുടങ്ങിയ ദുരിതം രണ്ട് മാസത്തോളം നീണ്ടു. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജൂലായ് അവസാനത്തോടെ പണികൾ നിറുത്തുകയായിരുന്നു. കേരളകൗമുദിയാണ് ജനങ്ങളുടെ ദുരിതം ആദ്യം റിപ്പോർട്ട് ചെയ്തത്.വ്യാഴാഴ്ച റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ലോർഡ്സ് ആശുപത്രി അധികൃതർ എന്നിവരുമായി ജല അതോറിട്ടി ഓവർസീയർ,എക്സിക്യുട്ടീവ് എൻജിനിയർമാർ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് പണി പുനരാരംഭിക്കാൻ തീരുമാനിച്ചത്. മുമ്പുണ്ടായതുപോലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടാകില്ലെന്ന് ജല അതോറിട്ടി ഉറപ്പുനൽകി. കരാറുകാരും ചർച്ചയിൽ പങ്കെടുത്തു. രാവിലെയും രാത്രിയിലും ഒരു ഓവർസീയറെ പണികളുടെ മോണിറ്ററിംഗിനായി നിയോഗിക്കും.സ്വീവേജ് വിഭാഗം അസിസ്റ്റന്റ് എൻജിനിയറും നിരന്തരം നിർമ്മാണം വിലയിരുത്തും.
പണികൾ രണ്ടുഘട്ടമായി
ആകെ 220 മീറ്ററാണ് പൈപ്പുകൾ ഇടേണ്ടത്.നൂറ് മീറ്റർ ദൂരത്തിൽ രണ്ട് ഘട്ടമായി പൈപ്പുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് ഒരുമിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ആനയറയിൽ നിന്ന് ബൈപാസിലേക്ക് കയറുന്ന റോഡിൽ ചായക്കടയ്‌ക്കു മുന്നിൽ നിന്നാണ് പണി തുടങ്ങുക. അന്ന് ഇറക്കിയ പൈപ്പുകൾ ടർഫിന് എതിർവശത്തുള്ള പറമ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇവ ടർഫിനു സമീപത്തുവച്ച് തന്നെ ഘട്ടംഘട്ടമായി കൂട്ടിയോജിപ്പിക്കും.ഇതിനായുള്ള ഹൊറിസോണ്ടൽ ഡയഗണൽ ഡ്രില്ലിംഗ് മെഷീൻ ഇന്നോ നാളെയോ മുംബയിൽ നിന്നെത്തും. ആദ്യം പണി ചെയ്തപ്പോൾ പൈപ്പുകൾ കൂട്ടിയോജിപ്പിച്ച് ഒരുമിച്ച് വലിച്ച് കുഴിയിലേക്ക് ഇടാൻ ശ്രമിച്ചപ്പോൾ യന്ത്രം കേടാവുകയായിരുന്നു. ഇതോടെയാണ് പണി നിലച്ചത്. ജോലികൾക്കിടെ കരാറുകാരന്റെ റീമറുകളിലൊരെണ്ണം ഭൂമിക്കടിയിൽ കുടുങ്ങുകയും ചെയ്തു.ഇത് അടുത്തിടെ മാത്രമാണ് പുറത്തെടുത്തത്.
ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും
മാർച്ച് 30 ഓടെ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ 25 ദിവസം കൊണ്ട് പണി തീർക്കുമെന്നാണ് കരാറുകാരന്റെ ഉറപ്പ്.പൈപ്പിടാനായി ഭൂമി തുരക്കാൻ 15 ദിവസം വേണം. മുമ്പ് ഡ്രിൽ ചെയ്തിരുന്നെങ്കിലും മണ്ണുവീണ് അടഞ്ഞുപോയി.പൈപ്പുകൾ കൂട്ടിയോജിപ്പിക്കാൻ മൂന്ന് ദിവസം മതിയാകും.തുടർന്ന് യന്ത്രസഹായത്തോടെ പൈപ്പ് വലിച്ചുനീക്കി തുരങ്കത്തിൽ ഇടും.ഇതിന് 12 മണിക്കൂർ വേണം. രാത്രി 12 മുതൽ പുലർച്ചെ വരെ ഈ ജോലികൾ ചെയ്യാനാണ് തീരുമാനം.900 എം.എം എച്ച്.ഡി.പി.ഇ പൈപ്പാണ് സ്ഥാപിക്കുന്നത്. ഇതിനുള്ളിൽ സ്ഥാപിക്കേണ്ട പൈപ്പ് ഏതാണെന്ന് തീരുമാനമായിട്ടില്ല.കൂടുതൽ മർദ്ദം താങ്ങാൻ ശേഷിയുള്ള 600 എം.എം ഡി.ഐ പൈപ്പാകും സ്ഥാപിക്കുകയെന്ന് അറിയുന്നു.