
നെടുമങ്ങാട് : ജലജീവൻ മിഷനിലൂടെ നെടുമങ്ങാട് മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 252 കോടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ജല അതോറിട്ടി നഗര സഞ്ചയം പദ്ധതിയിലുൾപ്പെടുത്തി കല്ലയം,മൈലാടുംപാറ,തണ്ണീർപൊയ്ക എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു. കരകുളം പഞ്ചായത്തിൽ രണ്ട് പദ്ധതികളിലായി 12.28 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. കല്ലയം-മൈലാടുംപാറ പ്രദേശങ്ങളിൽ ജലവിതരണം സുഗമമാക്കലിന് 8.89 കോടി,തണ്ണീർപൊയ്ക പ്രദേശങ്ങളിൽ ജലവിതരണം സുഗമമാക്കുന്നതിന് 3.39 കോടി എന്നിവയ്ക്കുള്ള ഭരണാനുമതിയാണ് ലഭിച്ചത്.പദ്ധതി പൂർത്തിയാകുന്നതോടെ 10 എം.എൽ.ടി കുടിവെള്ളം ലഭ്യമാക്കാൻ സാധിക്കും. ജലസംഭരണി നിർമ്മിക്കുന്നതിന് സ്ഥലം വിട്ടു നൽകിയ സ്ഥലവാസി ആർ. മോഹനനെ മന്ത്രി ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ടി.സുനിൽ കുമാർ,വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.