കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി ഒമ്പത് കോടി 60 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു. കിളിമാനൂർ - അടയമൺ- തൊളിക്കുഴി റോഡ് പൂർണമായും ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വഴിയിലുള്ള വയ്യാറ്റിൻകര പാലം നവീകരണത്തിന് തുക അനുവദിച്ചു നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. കല്ലറ- തൊളിക്കുഴി റോഡ് വാമനപുരം മണ്ഡലത്തിലെ കല്ലറയിൽ നിന്നും ആരംഭിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ തൊളിക്കുഴിയിൽ അവസാനിക്കുന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പഴയ കുന്നുമ്മൽ, പുളിമാത്ത് ഗ്രാമപഞ്ചായത്തുകൾ ക്കൊപ്പം, കല്ലറ, കുമ്മിൾ പഞ്ചായത്തുകളുമായി ഈ റോഡ് അതിർത്തി പങ്കിടുന്നുണ്ട്. നടപടികൾ സ്വീകരിച്ച് നിർമ്മാണം സമയ ബന്ധിതമായി ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.