
വർക്കല : മൂന്ന് രാഷ്ട്രീയ മുന്നണി സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആറ്റിങ്ങൽ മണ്ഡലത്തിൽ കൂടുതൽ സജീവമാവുകയാണ്.ബൂത്തുതല പ്രവർത്തകരെയും പൗരപ്രമുഖരെയും നേരിൽക്കണ്ടും കവലകൾ സന്ദർശിച്ചും ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെ വിജയം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. ജോയി ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞദിവസം പര്യടനം നടത്തി. രാവിലെ കായിക്കര ആശാൻ സ്‌മാരകത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,കിഴുവിലം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തി. സി.പി.എമ്മിന്റെ ആദ്യകാല നേതാവ് എസ്.ശശാങ്കന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ മണ്ണാകുളം, പുത്തൻനട, അഞ്ചുതെങ്ങ് ജംഗ്ഷൻ, ചെക്കാലവിളാകം, ചമ്പാവ്, കടയ്‌ക്കാവൂർ ഓവർ ബ്രിഡ്‌ജ്, നിലയ്ക്കാമുക്ക്, മണനാക്ക്, തൊപ്പിച്ചന്ത, വിളയിൽമൂല,കീഴാറ്റിങ്ങൽ, കൊല്ലമ്പുഴ, ചെറുവള്ളിമുക്ക് , പുരവൂർ കാട്ട് മുറാക്കൽ, ചുമട്താങ്ങി, ബ്ലോക്ക് ജംഗ്ഷൻ, മുടപുരം, പുകയിലത്തോപ്പ്, കോരാണി, ചെമ്പകമംഗലം, മങ്കാട്ട് മൂല, കീഴാറ്റിങ്ങൽ, കൊല്ലമ്പുഴ, ചെറുവള്ളിമുക്ക്, ഊരുപൊയ്ക, ചെമ്പൂർ, പൊയ്കമുക്ക്, അയിലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ മത്സ്യത്തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ജോയിയെ ചുവപ്പ് റിബണും ഷാളുമണിയിച്ച് സ്വീകരിച്ചത്. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ആർ.സുഭാഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം, സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്.ലെനിൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത, എസ്.പ്രവീൺചന്ദ്ര, മനോജ് ബി. ഇടമന തുടങ്ങിയവർ സ്ഥാനർത്ഥിയെ അനുഗമിച്ചു. തോന്നയ്ക്കൽ സായിഗ്രാമത്തിലെ അന്തേവാസികളെ സന്ദർശിച്ച ശേഷം കാട്ടാക്കട മണ്ഡലത്തിലെ എൽ.ഡി.എഫ് കൺവെൻഷനിലും പങ്കെടുത്തു. ഇന്ന് രാവിലെ 7.30ന് വർക്കലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. 10 മണി മുതൽ ക്യാമ്പസ് വിസിറ്റ്, വർക്കലയിലെയും ആറ്റിങ്ങലിലെയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് 5.30ന് അരുവിക്കര മണ്ഡലം കൺവെൻഷൻ ആര്യനാട് വി.കെ.ആഡിറ്റോറിയത്തിൽ എസ്.രാമചന്ദ്രൻപിളള ഉദ്ഘാടനം ചെയ്യും.
യു .ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം.പി യുടെ റോഡ് ഷോ കഴിഞ്ഞദിവസം ചിറയിൻകീഴ്,വെഞ്ഞാറമൂട്, ആര്യനാട്, കാട്ടാക്കട എന്നിവിടങ്ങളിൽ നടന്നു. വർക്കല പാപനാശത്തെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി ഉപവാസ സമരത്തിലും അടൂർ പ്രകാശ് പങ്കെടുത്തു. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിൽ നേരിട്ടുള്ള പര്യടനം ഉണ്ടാകില്ല.
ഔദ്യോഗിക പരിപാടികൾക്കായി ഡൽഹിയിലുള്ള എൻ.ഡി.എ സ്ഥാനാർത്ഥി വി .മുരളീധരൻ 14 ന് മടങ്ങി വന്ന ശേഷം കൺവെൻഷൻ പരിപാടികളിലും പര്യടനത്തിലും സജീവമാകും.ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ.