nursing

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനം. എൻട്രൻസ് ഏത് ഏജൻസി നടത്തണമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജോലി ഭാരം കാട്ടി എൻട്രൻസ് കമ്മിഷണറേറ്റ് ഒഴിവായാൽ എൽ.ബി.എസാകും നടത്തുക.

രണ്ടുവർഷം മുമ്പ് കേന്ദ്രസർക്കാർ എൻട്രൻസ് ഏർപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് അത് നടപ്പാക്കാത്തതും സ്വകാര്യ മാനേജ്മെന്റുകളുടെ സമ്മർദ്ദവും കേരളകൗമുദി കഴിഞ്ഞമാസം 13ന് റിപ്പോർട്ട് ചെയ്തിരുന്നു. നഴ്സിംഗ് എൻട്രൻസ് അമാന്തിക്കരുതെന്ന് 15ന് മുഖപ്രസംഗവും എഴുതി. പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്.ജൂൺ 15ന് മുമ്പ് എൻട്രൻസ് നടത്താൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽനിർദ്ദേശം നൽകിയിട്ടും കേരളം ഉഴപ്പിയതും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.

എൻട്രൻസ് തീരുമാനത്തെ പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും സ്വാഗതം ചെയ്‌തു.