തിരുവനന്തപുരം: പ്ലസ്‌ടു പരീക്ഷയ്ക്കിടെ എസ്.എം.വി ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ തീപിടിത്തം. ചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്. പരീക്ഷയെ ബാധിച്ചില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഫയർ ഫോഴ്സെത്തി തീ കെടുത്തി. ചവർകൂനയിൽ നിന്ന് സമീപത്തെ വാഴത്തോട്ടത്തിലേക്കാണ് തീപടർന്നത്. വാഴകളും മരവും കത്തി നശിച്ചു. രാവിലെ സ്‌കൂൾ ജീവനക്കാർ തീയിട്ടപ്പോൾ അമിതമായി ചവർ കൂടിക്കിടന്നതാണ് തീ ആളിപ്പടരാനിടയാക്കിയത്. ജീവനക്കാരെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ വാഴത്തോട്ടത്തിലേക്കു പടരുകയായിരുന്നു. ഉടൻ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. ചെങ്കൽചൂള നിലയത്തിൽ നിന്നും 2 യൂണിറ്റെത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്.