വിതുര: വിതുര ശിശുസൗഹൃദ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുടെ സേവനം ലഭ്യമല്ലാതായിട്ട് ഒരുമാസം കഴിയുന്നു. നിലവിലുണ്ടായിരുന്ന എസ്.ഐ എസ്.വിനോദ്കുമാർ സ്ഥലം മാറിപ്പോയിട്ടും, പുതിയ എസ്.ഐയെ നിയമിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പ്രവർത്തനമികവ് മുൻനിറുത്തി വിതുര പൊലീസ് സ്റ്റേഷന് സംസ്ഥാനത്തെ മൂന്നാമത്തെ പൊലീസ് സ്റ്റേഷനുള്ള അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു. സർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശ പരിപാടിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്കൂളുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് മികച്ച രീതിയിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
പ്രദേശത്ത് വീണ്ടും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾ തലപൊക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വിവിധ സംഘടനകൾ ഇതുസംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ കുറവുമുണ്ട്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സി.ഐമാരെയും,എസ്.ഐമാരെയും സ്ഥലം മാറ്റിയത്.
വിതുരയിൽ മാത്രമില്ല
വിതുരയ്ക്ക് തൊട്ടടുത്തുള്ള നെടുമങ്ങാട്,പാലോട് സ്റ്റേഷനുകളിലെ എസ്.ഐമാർ സ്ഥലം മാറിപ്പോയെങ്കിലും പുതിയ എസ്.ഐമാർ എത്തി ചുമതലയേറ്റു. വിതുരയിൽ എസ്.ഐക്കൊപ്പം സ്ഥലം മാറിപ്പോയ സി.ഐ അജയകുമാറിന് പകരം പുതിയ സി.ഐയായി എസ്.ടി.ബിജു ചുമതലയേറ്റിട്ടുണ്ട്.
ലഹരിയിൽ മയങ്ങി നാട്
സ്റ്റേഷൻപരിധിയിൽ പൊൻമുടി ഉൾപ്പെടെയുള്ള അനവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ളതിനാൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. മലയോരമേഖലയിൽ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപഭോഗവും വർദ്ധിച്ചുവരുന്നതിനാൽ വിതുര മേഖലയിലെ ടൂറിസം മേഖലകളിലും ലഹരിവില്പന അരങ്ങുതകർക്കുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ലഹരിവില്പനയും ഉഷാറാണ്.
പൊലീസ് സേവനം അത്യാവശ്യം
നിരന്തരം അക്രമങ്ങളും അപകടമരണങ്ങളും നടക്കുന്ന വിതുര,തൊളിക്കോട് പഞ്ചായത്തിൽ എസ്.ഐയുടെ സേവനം വളരെ അത്യാവശ്യമാണെന്നാണ് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും പറയുന്നത്.കല്ലാർ നദിയിൽ അടിക്കടി നടക്കുന്ന അപകടമരണങ്ങൾക്ക് തടയിടാൻ ഒരു പരിധിവരെ മുൻപുണ്ടായിരുന്ന എസ്.ഐമാർക്ക് സാധിച്ചിട്ടുണ്ട്. ലഹരി വിപണനത്തിന് തടയിടാൻ എക്സൈസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എക്സൈസും പൊലീസും കൈകോർത്താൽ ലഹരിമാഫിയയെ തകർക്കാൻ കഴിയുമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകൾ അഭിപ്രായപ്പെടുന്നത്.