c

മനുഷ്യരെ ചികിത്സിക്കുന്നവരേക്കാൾ തനിക്ക് മൃഗചികിത്സകരെയാണ് വിശ്വാസമെന്നും അവരിൽ വ്യാജന്മാരില്ലെന്നും പറഞ്ഞത് പ്രശസ്ത നാടകകാരനായ എൻ.എൻ. പിള്ളയാണ്. അദ്ദേഹം പറയുക മാത്രമല്ല; ജീവിതാവസാനം വരെ തന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടിരുന്നത് മണ്ണുത്തി വെറ്ററിനറി കോളേജ് പ്രൊഫസറായിരുന്ന മൂവാറ്റുപുഴക്കാരനായ ഡോ. രവീന്ദ്രൻ നായരെ ആയിരുന്നു!

ഒരിക്കൽ മറുനാട്ടിൽ നാടക സ്റ്റേജിൽ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ വൈദ്യശുശ്രൂഷയ്ക്കായി വരുത്തിയതും ഡോ. രവീന്ദ്രൻനായരെ ആയിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ സമൂഹത്തിന് സാംസ്കാരിക കേരളം നൽകിയ വിശ്വാസമുദ്ര കൂടിയായിരുന്നു എൻ.എൻ. പിള്ളയുടെ നടപടി. എന്നാൽ മൃഗസംരക്ഷകരാകേണ്ട വെറ്ററിനറി ഡോക്ടർമാരെ പരിശീലിപ്പിക്കുന്ന കോളേജ് മൃഗീയതയുടെ കളരിയായി മാറുന്നതാണ് കേരളം ഉത്ക്കണ്ഠപ്പെടുന്ന ആനുകാലിക യാഥാർത്ഥ്യം.

യൂണിവേഴ്സിറ്റി കോളേജിലെയും മഹാരാജാസിലെയും ഇടിമുറികൾ വയനാട്ടിലും സജീവമായിരിക്കുന്നു. തന്തക്കുരങ്ങന്മാർ വെട്ടിക്കൊല്ലുന്നു; കുട്ടിക്കുരങ്ങന്മാർ തല്ലിക്കൊല്ലുന്നു. വെടക്കാക്കി തനിക്കാക്കുക,​ പേടിപ്പിച്ച് കൂടെനിറുത്തുക എന്നീ മുദ്രാവാക്യങ്ങളാണ് വിപ്ളവവിദ്യാർത്ഥി സംഘടനകൾ മുമ്പെന്നപോലും ഇന്നും പിന്തുടരുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നല്ല; കൊല്ലുന്ന വിദ്യാർത്ഥി നേതാക്കന്മാർക്ക് തിന്നുന്ന ഡീൻ എന്നായിരിക്കുന്നു!

മുഖാമുഖത്തിനു പോയി ആൾക്കൂട്ടത്തിലിരുന്ന് സഞ്ചിയും വാങ്ങി,​ നെയ്ച്ചോറുമുണ്ട് പിരിഞ്ഞ സാംസ്കാരിക നായകന്മാർ കഞ്ചാവു കഴിച്ചതുപോലെ മയക്കത്തിലാണ്. ഉണരാൻ കുറച്ചുകൂടി സമയമെടുത്തേക്കും. ഞാനൊന്നുമറിഞ്ഞില്ലേ എന്നുപറഞ്ഞ് മൗനം ഭജിക്കുന്ന രാമനാരായണന്മാർ മറുപടി പറയേണ്ടിവരും. വിദ്യാർത്ഥികളുടെ താത്കാലിക വസതിയാണല്ലോ ഹോസ്റ്റൽ. പണ്ടൊക്കെ കോളേജിൽ തല്ലു നടന്നാൽ ഹോസ്റ്റലിൽക്കയറി രക്ഷപ്പെടാറുണ്ട്. അളമുട്ടുമ്പോഴേ ഹോസ്റ്റലിൽക്കയറി തല്ലാറുള്ളൂ (അരനൂറ്റാണ്ടു മുമ്പ് മഹാരാജാസിന്റെ മെയിൻ ഹോസ്റ്റലിൽ എസ്.എഫ്.ഐയുടെ മുഖ്യ തല്ലുകാരനും കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനും പരസ്പരധാരണയോടെ കഴിഞ്ഞുപോന്നത് ഓർമ്മ.)

സഹപാഠികളുടെ മുന്നിലിട്ട് ഹോസ്റ്റലിന്റെ നടുമുറ്റത്തു നടത്തിയ ഈ ഭീകരതാണ്ഡവത്തിന് ആ ഹോസ്റ്റലിന്റെ പാവം വാർഡനു കൊടുക്കണം,​ ഒരു സമ്മാനം. കുട്ടികളെ പേടിച്ച് മാളത്തിലൊളിക്കുന്ന അദ്ധ്യാപകർ ഇന്നൊരു അപൂർവ്വ കാഴ്ചയല്ല. ഇരകളെ ചേർത്തുപിടിക്കാൻ ആരുമില്ലാത്ത അവസ്ഥ ഭീതിജനകമാണ്. അഭിമന്യു, മധു, സിദ്ധാർത്ഥ്.... നിര നീളുകയാണ്. തൊട്ടതിനും പിടിച്ചതിനും പ്രതികരണവുമായിറങ്ങുന്ന പ്രതികരണ വേദിക്കാരെ കാണാനില്ലാതായിട്ട് ആറേഴു വർഷം കഴിഞ്ഞു. വിപ്ളവകവികളും ക്ഷോഭിക്കുന്ന സാംസ്കാരിക നായകരും നിമിഷകവിതയെഴുതി നേരിടുന്നവരുമൊന്നും രംഗത്തില്ല. സാംസ്കാരിക ഭീതിയുടെ തുരങ്കത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇതിന്റെ അവസാനം വിദൂരമല്ലെന്നാണ് ചരിത്രം പറയുന്നത്.