
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ ജലസേചനത്തിന് പൈപ്പിടാൻ ചാലു തോണ്ടിയ കുഴികൾ മൂടാതെ റോഡുകൾ ഗതാഗതയോഗ്യമല്ലാതായിട്ടും നടപടിയില്ല. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ തവരവിള വാർഡിലെ റേഡിയോ പാർക്ക് - മഹാലക്ഷ്മി ക്ഷേത്രം - കുട്ടത്ത് റോഡാണ് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. 9 മാസത്തിന് മുൻപ് പൈപ്പിടാൻ കൗൺസിലർ നിർദ്ദേശിച്ച ഇടറോഡുകൾ ജെ.സി.ബി ഉപയോഗിച്ച് ചാലു തോണ്ടി പൈപ്പിട്ടു. എന്നാൽ ശരിയായി മണ്ണിട്ട് മൂടിയില്ല. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പെരുങ്കടവിള, മാരായമുട്ടം പ്രദേശങ്ങളിൽ നിന്ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്താൻ എളുപ്പവഴിയാണ് ഇത്. 44 വാർഡുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചെങ്കിലും അത് ശരിയായ രീതിയിൽ മൂടിയിട്ടില്ല. അതുകാരണം കുഴികൾ രൂപപ്പെട്ട് കാൽനടയാത്രയ്ക്കു പോലും പറ്റാത്താവസ്ഥയിലാണ്. ഒരു കുഴിപോലും കോൺക്രീറ്റ് ചെയ്യാനോ ടാർചെയ്യാനോ അധികൃതർ തയാറായിട്ടില്ല. ചായ്ക്കോട്ടുകോണത്ത് നിന്നു തുടങ്ങി തീച്ചക്കുഴി കോളനിയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചെങ്കിലും കുഴി അങ്ങനെതന്നെ കിടക്കുകയാണ്.
 ഓട നിർമ്മിക്കണം
മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഈ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിന് വശങ്ങളിൽ ഓട നിർമ്മിക്കണമെന്നും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ചെവിക്കൊള്ളാൻ നഗരസഭാ അധികൃതർ തയാറായിട്ടില്ല. ഇതേ വാർഡിലെ മേൽവിളാകം-മഞ്ചത്തല റോഡും പൈപ്പിടാൻ ചാലു തോണ്ടി ഗതാഗതത്തിന് കഴിയാത്ത അവസ്ഥയിലാക്കി. മേൽവിളാകം റേഡിയോ കിയോസ്ക്ക് മുതൽ കുട്ടത്ത് പള്ളിനടവരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം മേൽവിളാകത്തുനിന്നും മഞ്ചം തലക്കുപോകുന്ന റോഡും കുത്തിപ്പൊളിച്ചിട്ടിരിക്കയാണ്.
 പരിഹാരം വേണം
പൈപ്പ്‌ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തതുകാരണം മാരായമുട്ടത്തുനിന്നും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്താനുള്ള എളുപ്പവഴിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നവകേരള സദസിൽ പങ്കെടുത്തപ്പോൾ പരാതി നൽകി. നഗരസഭ പരിഹരിക്കുമെന്നു പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നഗരസഭ അദ്ധ്യക്ഷനോട് ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ല എന്നാണ് പറയുന്നത്.
 ആശങ്കയിൽ ജനം
ഇനി അമൃത്പദ്ധതിയും വരുന്നുണ്ട്. ഇതിനുവേണ്ടി കുഴിയെടുക്കുമ്പോൾ റോഡുകളിൽ കൂടുതൽകുഴികൾ രൂപപ്പെടും. നഗരഹസഭാ അമൃത് പദ്ധതിയിലൂടെ 65 കണക്ഷനുകൾ വീതമാണ് കൊടുക്കാനുദ്ദേശിക്കുന്നത്. അതുകൂടി വരുമ്പോൾ റോഡുകൾ കൂടുതൽ കുഴികളായി മാറും. ഇത് മൂടാനുള്ള നടപടിയൊന്നും നഗരസഭയിൽ ഇല്ല. കേന്ദ്ര സർക്കാരിന്റെ 50ശതമാനവും സംസ്ഥാന സർക്കാരിന്റെ 37ശതമാനവും മുൻസിപ്പാലിറ്റിയുടെ 12 ശതമാനവും ഉൾപ്പെടെ 14.19 കോടിരൂപ ഉപയോഗിച്ചാണ് പദ്ധിത പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. പൈപ്പ്‌ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഓരോ ഘട്ടത്തിലേയും നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നത്. ആദ്യഗഡുവായി കേന്ദ്രം ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലെ തുക അനുവദിക്കണമെങ്കിൽ ആദ്യഘട്ടത്തിലെ പണി പൂർത്തിയാക്കേണ്ടതുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നത് രണ്ടാംഘട്ട തുക അനുവദിക്കുന്നതിന് തടസമാകുമെന്നുള്ള ആശങ്കയിലാണ് പൊതുജനം.